
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി രംഗത്തെത്തി. സംഭവമറിഞ്ഞ് ബേക്കറി ജംഗ്ഷനിലുള്ള പിണറായിയുടെ വസതിയിലെത്തിയ വി. ശിവൻകുട്ടി ഇഡി നടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് പ്രതികരിച്ചു. പിണറായിയോ കുടുംബാംഗങ്ങളോ വീട്ടിലില്ലാത്ത സമയത്താണ് ഈ നടപടിയുണ്ടായതെന്നും, ഒരു പിടികിട്ടാപ്പുള്ളിയോടെന്ന പോലെയുള്ള സമീപനമാണ് ഇഡി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജി പോലും പരിഗണിക്കാതെയാണ് ഇഡി തിരക്കിട്ട് നീക്കം നടത്തിയതെന്നും ശിവൻകുട്ടി ആരോപിച്ചു.
അതേസമയം, ചുവരിൽ സമൻസ് പതിപ്പിച്ച സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി ഇഡി അധികൃതർ രംഗത്തെത്തി. മുൻകൂട്ടി ഇമെയിൽ വഴി നോട്ടീസ് അയച്ചിരുന്നെങ്കിലും പിണറായി വിജയന്റെ ഭാഗത്തുനിന്ന് മറുപടിയോ നോട്ടീസ് കൈപ്പറ്റിയതായുള്ള സ്ഥിരീകരണമോ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പി.എം.എൽ.എ നിയമപ്രകാരം താമസസ്ഥലത്ത് നേരിട്ടെത്തി നോട്ടീസ് പതിക്കേണ്ടി വന്നതെന്നും ഇതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും വെള്ളിയാഴ്ച (ഒക്ടോബർ 23) ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.
ഇഡി സമൻസ് നൽകിയെങ്കിലും വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിൽ പിണറായി വിജയൻ ഹാജരായേക്കില്ലെന്നാണ് സൂചനകൾ. നിലവിലുള്ള നിയമസഭാ സമ്മേളനവും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളും ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് ഇ ഡിക്ക് മറുപടി നൽകാനാണ് സാധ്യത. സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ സ്റ്റേ ഉത്തരവ് ലഭിച്ചാൽ ഇഡി ചോദ്യം ചെയ്യലിൽ നിന്ന് താൽക്കാലികമായി ആശ്വാസം നേടാമെന്ന കണക്കുകൂട്ടലിലാണ് പ്രതിരോധ നീക്കങ്ങൾ പുരോഗമിക്കുന്നത്.
