
സിനിമയിലെ സഹതാരങ്ങളിൽ നിന്ന് ജീവിതപങ്കാളികളെന്ന പദവിയിലേക്ക് എത്തിയ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പ്രണയവിശേഷങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. ആദ്യ കൂടിക്കാഴ്ചയിലെ അസ്വാരസ്യങ്ങളിൽ നിന്ന് ആഴത്തിലുള്ള സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വളർന്ന തങ്ങളുടെ യാത്രയെക്കുറിച്ച് ഇരുവരും അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നു. തങ്ങളുടെ ആദ്യ കൂടിക്കാഴ്ച, പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങൾ, ഒടുവിൽ വിവാഹത്തിനായി തയ്യാറെടുത്ത നിമിഷങ്ങൾ എന്നിവയെല്ലാം അവർ പങ്കുവെച്ചു. ഒരു ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ചെറിയ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് വിജയ് രശ്മികയുടെ സ്നേഹപ്രകടനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ബന്ധങ്ങളുടെ കാര്യത്തിൽ തനേക്കാൾ പക്വത രശ്മികയ്ക്കാണെന്ന് താരം തുറന്നുപറഞ്ഞു.
തന്റെ സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ മടിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാൽ അത്തരം ചെറിയ കാര്യങ്ങളാണ് ജീവിതത്തിൽ പ്രധാനമെന്ന് രശ്മികയാണ് തന്നെ പഠിപ്പിച്ചതെന്നും വിജയ് വ്യക്തമാക്കി. ദിവസം കുറഞ്ഞത് പത്തോ പതിനഞ്ചോ തവണയെങ്കിലും തന്നോട് സ്നേഹം പ്രകടിപ്പിക്കുമെന്നും താനും അത് തിരികെ നൽകേണ്ടത് പ്രധാനമാണെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ പ്രണയത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന നെഗറ്റീവ് കാഴ്ചപ്പാടുകളെക്കുറിച്ചും വിജയ് സംസാരിച്ചു. ഇരുപത്തിയെട്ടോ ഇരുപത്തിയൊൻപതോ വയസ്സുള്ളപ്പോൾ പ്രണയം എന്നത് കേവലം ഒരു മാർക്കറ്റിങ് വാക്ക് മാത്രമായാണ് താൻ കരുതിയിരുന്നതെന്നും, എന്നാൽ പ്രായവും പക്വതയും എത്തിയപ്പോഴാണ് അതിന്റെ ആഴം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് 36 വയസ്സായപ്പോഴാണ് വിവാഹം കഴിക്കണമെന്ന് തോന്നിയതെന്നും, അതിന് താൻ തയ്യാറാണെന്നും ഇതൊക്കെ മനസ്സിലാക്കാനും സ്നേഹിക്കാനും പക്വത വന്നെന്നും മനസ്സിലാക്കിയതായി വിജയ് കൂട്ടിച്ചേർത്തു.
ഇതിനിടയിൽ ‘ബേബി, നീ വൈകിപ്പോയി!’ എന്ന രശ്മികയുടെ രസകരമായ തടസ്സപ്പെടുത്തൽ അഭിമുഖത്തെ ചിരിയിലാഴ്ത്തി. ഒരു ബന്ധം എത്ര പഴകിയാലും ചെറിയ പരിഗണനകൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം രശ്മിക ചൂണ്ടിക്കാട്ടി. വിവാഹം കഴിഞ്ഞാലും കുട്ടികളുണ്ടായാലും ചെറിയ അന്വേഷണങ്ങളും കരുതലും ഒരിക്കലും നിലയ്ക്കരുതെന്ന് അവർ വ്യക്തമാക്കുന്നു. പങ്കാളിയെ സ്വാഭാവികമായി എടുത്തുതുടങ്ങുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നതെന്നും, നിർബന്ധത്തിന് വഴങ്ങിയാകരുത്, ആഗ്രഹത്തോടെ വേണം ഈ ചെറിയ കാര്യങ്ങൾ ചെയ്യാൻ എന്നും രശ്മിക പറഞ്ഞു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ ‘ഗീത ഗോവിന്ദം’ സിനിമയുടെ സെറ്റിലെ ഓർമ്മകളും അവർ പങ്കുവെച്ചു. ഒൻപത് വർഷങ്ങൾക്ക് മുൻപ് സെറ്റിൽ വെച്ച് വിജയിയെ ആദ്യമായി കണ്ടപ്പോൾ താൻ ‘സർ’ എന്നാണ് വിളിച്ചിരുന്നതെന്നും, ആദ്യദിവസം കാരവാനിൽ വച്ച് രശ്മിക കേട്ടിരുന്ന പാട്ട് നിർത്തിക്കാൻ വിജയ് പരുക്കനായി പറഞ്ഞ സംഭവം തന്നെ കരയിപ്പിച്ചിരുന്നുവെന്നും രശ്മിക ഓർത്തു.
എന്നാൽ കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവക്കാരനായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും, പിന്നീട് ഡയലോഗുകൾ പറഞ്ഞുതന്നും ‘സർ’ എന്ന് വിളിക്കുന്നത് തിരുത്തിപ്പിച്ചുമാണ് വിജയ് തന്നെ അടുത്ത സുഹൃത്താക്കിയതെന്നും രശ്മിക വ്യക്തമാക്കി. തുടർച്ചയായി രണ്ട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തങ്ങളുടെ ബന്ധത്തിലും പ്രണയത്തിലും ഒരു ദൈവിക ശക്തിയുടെ കയ്യുണ്ടെന്ന് വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ‘ഗീത ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ എന്നീ വൻ വിജയങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ‘രണബലി’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ പിരീഡ് ആക്ഷൻ ഡ്രാമ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ചിത്രം 2026 ഒക്ടോബർ 16-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
