Home » Blog » kerala Max » “അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം, സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും” ; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്
26

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അറ്റൻഡൻസ് രജിസ്റ്ററിലും പ്രധാനപ്പെട്ട കൗൺസിൽ രേഖകളിലും ഗുരുതരമായ കൃത്രിമം നടന്നെന്ന ആരോപണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് നിയമവിരുദ്ധമായി അവധി അനുവദിക്കാനാണ് വ്യാജരേഖകൾ ചമച്ചതെന്നാണ് ദീപകിന്റെ ആരോപണം. സംഭവത്തിൽ മേയർ വി.വി. രാജേഷിനും പങ്കുണ്ടെന്നും ദീപക് പറഞ്ഞു.

ഏപ്രിലിൽ നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നുവെന്നാണ് ദീപകിന്റെ വാദം. എന്നാൽ അന്നത്തെ കൗൺസിൽ യോഗത്തിൽ സുഗതന്റെ ഒപ്പ് പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ അറ്റൻഡൻസ് ബുക്ക് തന്നെ മാറ്റിയതായും ദീപക് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് ലഭിച്ച സുഗതന്റെ ഒപ്പും അറ്റൻഡൻസ് ബുക്കിലെ ഒപ്പും പരിശോധിച്ചതിൽ കൃത്രിമം വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൗൺസിൽ ഹാളിൽ സിസിടിവി ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ദീപക് പറഞ്ഞു. കൗൺസിൽ രേഖകളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ ഇത്തരം നടപടികളിൽ മേയർക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ സർക്കാർ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ദീപക് ആവശ്യപ്പെട്ടു. അന്വേഷണം നടത്താൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാരും വിഷയത്തിൽ ഇതുവരെ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ലെന്നും ദീപക് ആരോപിച്ചു.

അതേസമയം, ശാസ്തമംഗലം ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയെയും എസ്.പി. ദീപക് വിമർശിച്ചു. ശ്രീലേഖയുടെ രാജി തികഞ്ഞ നാടകമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് വാഗ്ദാനം നൽകിയശേഷം തീരുമാനം മാറ്റിയതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നും ദീപക് പറഞ്ഞു. ആർഎസ്എസ് തീരുമാനത്തിന് മുന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷന് പോലും നോക്കിനിൽക്കേണ്ട സാഹചര്യമാണെന്നും ദീപക് ആരോപിച്ചു.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെയും ദീപക് വിമർശനം ഉന്നയിച്ചു. നഗരസഭാ ഭരണം അബദ്ധമാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും വട്ടിയൂർക്കാവിൽ തോൽപ്പിച്ചെന്ന ആരോപണം ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിൽ ശ്രീലേഖയ്ക്ക് കാര്യങ്ങൾ മടുത്തിരിക്കുകയാണെന്നും ദീപക് കൂട്ടിച്ചേർത്തു. ദീപക് ഉന്നയിച്ച ആരോപണങ്ങളിൽ മേയർ വി.വി. രാജേഷിന്റെയോ ബിജെപി നേതൃത്വത്തിന്റെയോ പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *