Home » Blog » kerala Max » ‘പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥ’ എന്ന വ്യാജ തിരിച്ചറിയൽ രേഖയുമായി പശ്ചിമ ബംഗാൾ മന്ത്രിയെ കണ്ടു; സംസാരത്തിനിടെ സംശയം തോന്നി ചില കാര്യങ്ങൾ ചോദിച്ചതോടെ കടന്നുകളഞ്ഞ യുവതി ഡൽഹിയിൽ പിടിയിൽ
16

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയെ കാണാനെത്തിയ യുവതി അറസ്റ്റിൽ. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റായ നബാനിൽ പ്രവേശിച്ച് പൊതുമരാമത്ത് മന്ത്രി അജയ് പൊദ്ദാറുമായി കൂടിക്കാഴ്ച നടത്തിയ അകങ്ഷ വിദ്യാർത്ഥിനിയെയാണ് ഡൽഹിയിൽനിന്ന് ബംഗാൾ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

തെറ്റായ വിവരങ്ങൾ നൽകിയാണ് യുവതി മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നേടിയതെന്നാണ് പോലീസ് പറയുന്നത്. കനത്ത സുരക്ഷയുള്ള നബാനിലെ മന്ത്രിയുടെ ഓഫീസിൽ സുരക്ഷാ പരിശോധനകൾ മറികടന്ന് എത്തിയ യുവതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംഭാഷണത്തിനിടെ യുവതിയുടെ വാക്കുകളിൽ വൈരുദ്ധ്യം തോന്നിയതോടെയാണ് മന്ത്രി സംശയിച്ചത്. ഔദ്യോഗിക പദവിയെക്കുറിച്ച് മന്ത്രി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ തട്ടിപ്പ് പുറത്താകുമെന്ന സൂചന ലഭിച്ച യുവതി ഉടൻ തന്നെ ഓഫീസിൽനിന്ന് കടന്നുകളയുകയായിരുന്നു .

തുടർന്ന് മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ പോലീസിൽ വിവരം അറിയിച്ചു. ഷിബ്പൂർ പോലീസ് അന്വേഷണം ആരംഭിച്ച് യുവതി ഡൽഹിയിലേക്ക് വിമാനത്തിൽ പോയതായി കണ്ടെത്തി. പിന്നാലെ ബംഗാൾ പോലീസിന്റെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ ഡൽഹിയിലെത്തി. വ്യാഴാഴ്ച യുവതിയുടെ വസതിയിൽനിന്നാണ് അകങ്ഷയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കൊൽക്കത്തയിൽ എത്തിക്കാൻ ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെട്ടതായി ബംഗാൾ പോലീസ് അറിയിച്ചു. യുവതിക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും മന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയ്ക്ക് ഉപയോഗിച്ച രേഖകൾ എവിടെനിന്നാണ് ലഭിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *