
നടി അഹാന കൃഷ്ണയുടെ വിവാഹത്തിന് മുന്നോടിയായുള്ള പ്രി-വെഡ്ഡിങ് ആഘോഷമായ ‘അമ്മു-നിമ്മു’ കാർണിവലിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനവും അതിനുള്ള മറുപടിയും. പൊക്കം കുറഞ്ഞ ഡ്വാർഫിസമുള്ള മനുഷ്യരെ വിനോദത്തിനായി അലങ്കാര വസ്തുക്കളാക്കിയെന്നും കോമാളികളാക്കിയെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. ഉയരക്കുറവുള്ളവരെ സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ വന്ന പ്രധാന വിമർശനം.
ഈ ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന തന്നെ നേരിട്ടെത്തി. ഒരു ഏജൻസി വഴിയാണ് ജഗ്ഗ്ലർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തതെന്നും അത് പ്രൊഫഷണലും മാന്യവുമായ ഒരു ജോലിയാണെന്നും അവർ വ്യക്തമാക്കി. ഉയരമോ ലിംഗഭേദമോ ശരീരപ്രകൃതിയോ നോക്കിയല്ല കലാകാരന്മാരെ ആവശ്യപ്പെട്ടതെന്നും, പ്രൊഫഷണൽ ആൾക്കാരെയാണ് ഏജൻസി അയച്ചതെന്നും അഹാന കുറിച്ചു. ചടങ്ങിൽ പങ്കെടുത്തതിൽ അവർ സന്തോഷവാന്മാരായിരുന്നുവെന്നും തങ്ങൾക്കെല്ലാവർക്കും മികച്ച അനുഭവമാണ് ലഭിച്ചതെന്നും വ്യക്തമാക്കിയ താരം, അവർ തങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നുവെന്നും അലങ്കാര വസ്തുക്കളായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. കാര്യങ്ങൾ മനസ്സിലാക്കാതെ വിധി എഴുതുമ്പോഴാണ് യഥാർത്ഥത്തിൽ ഒബ്ജെക്ടിഫിക്കേഷൻ നടക്കുന്നതെന്നും അവർ പ്രതികരിച്ചു.
