
തിരുവനന്തപുരം: രണ്ടുകൊല്ലം കൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകുമെന്ന് മന്ത്രി കെ എം ഷാജി. ഇതിനായുള്ള സമഗ്രനടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് തുടങ്ങും. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്ഥാപിക്കും.
‘നിർമലം’ എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ശുചിത്വ മിഷനാണ് ഇതിന്റെ ഏകോപനം. മാലിന്യനിർമാജനത്തിൽ ജെൻസീ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തും. യജ്ഞത്തിന്റെ അവസാനഘട്ടത്തിൽ വിവിധതരം പ്ലാന്റുകൾ പൂർത്തിയാക്കും. മാലിന്യ നിർമാജനത്തിന് അതോറിറ്റി ഉണ്ടാക്കും. മാലിന്യപ്രശ്നം പൂർണമായി പരിഹരിക്കാനുള്ള പോരാട്ടമാണിത്.
കേരളത്തെ രാജ്യത്തിന് മാതൃകയാക്കും. മാലിന്യപ്ലാന്റുകൾക്കെതിരായ സമരങ്ങൾ മാതൃകാ പ്ലാന്റുകൾ ഉണ്ടാക്കിയാണ് പ്രതിരോധിക്കേണ്ടത്. വടിയെടുത്ത് സമരത്തെ നേരിടുകയല്ല വഴിയെന്നും മന്ത്രി പറഞ്ഞു.
