Home » Blog » kerala Max » മെഗാ സി.പി.ആർ പരിശീലനം: ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി വടകര ബി.എം.എച്ച്
IMG-20261001-WA0002

കോഴിക്കോട് : ലോക ഹൃദയദിനത്തിൽ ചരിത്രനേട്ടവുമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബി.എം.എച്ച്). മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ സി.പി.ആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) പരിശീലനം സംഘടിപ്പിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ആശുപത്രി ഇടം നേടി.

പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 4007 ആളുകൾക്ക് ശാസ്ത്രീയമായ രീതിയിൽ സി.പി.ആർ പരിശീലനം നൽകിയാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. നാഗ്പൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ പേരിലുണ്ടായിരുന്ന മുൻകാല റെക്കോർഡുകൾ ഭേദിച്ചാണ് ബി.എം.എച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്.

രാവിലെ 8 മുതൽ വൈകിട്ട് 8 വരെ നീണ്ടുനിന്ന സൗജന്യ പരിശീലന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവർ വലിയ ആവേശത്തോടെ പങ്കെടുത്തു. ബി.എം.എച്ച് വടകരയുടെ 100 അംഗ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ, 105 മാനിക്വിനുകൾ ഉപയോഗിച്ചാണ് സി.പി.ആർ പരിശീലനം നൽകിയത്. അന്താരാഷ്ട്ര തലത്തിലുള്ള കർശന നിയമങ്ങളും പ്രോട്ടോക്കോളുകളും പൂർണമായും പാലിച്ചാണ് മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്ന് ഏഷ്യ – ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഔദ്യോഗിക വിധികർത്താവ് ഡോ. എസ്. സഗായ രാജ് ഉറപ്പുവരുത്തി.

പരിശീലന പരിപാടിക്കു ശേഷം നടന്ന ചടങ്ങിൽ, ബി.എം.എച്ച് വടകര ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിതിൻ ആന്റണി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും എമർജൻസി മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ. ഷമീൽ ഉസ്മാൻ മൊയ്തു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും സർട്ടിഫിക്കറ്റുകൾ ഡോ. എസ്. സഗായ രാജിൽ നിന്ന് ഏറ്റുവാങ്ങി.

ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായിരുന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി, വടകര മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അലി, മേമുണ്ട എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബീന ബി., ഹെഡ്മാസ്റ്റർ ജിതേഷ് പി.കെ., ഡോ. സുനിൽ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

ഹൃദയാഘാതം മൂലം ഹൃദയമിടിപ്പ് നിലയ്ക്കുകയും ബോധംകെട്ട് വീഴുകയും ചെയ്യുന്ന അത്യാഹിത ഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും നിർണായകമായ പ്രഥമശുശ്രൂഷയാണ് സി.പി.ആർ. ഈ ജീവൻരക്ഷാ വിദ്യ സമൂഹത്തിലെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാതൃകാപരമായ പരിപാടി സംഘടിപ്പിച്ചതെന്ന് ബി.എം.എച്ച് അധികൃതർ വ്യക്തമാക്കി.

*Photo Caption:* ബി.എം.എച്ച് വടകര ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിതിൻ ആന്റണി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം വിധികർത്താവ് ഡോ. എസ്. സഗായ രാജിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *