
ഭക്ഷ്യവസ്തുക്കളുടെയും ആരോഗ്യ മേഖലയിലെ ഉൽപന്നങ്ങളുടെയും വില ഗണ്യമായി കുറയ്ക്കുന്നതിനായി സുപ്രധാന പ്രഖ്യാപനവുമായി ഒമാൻ ടാക്സ് അതോറിറ്റി. രാജ്യത്ത് ഒക്ടോബർ 1 മുതൽ വിവിധ വിഭാഗങ്ങളിലായി മൊത്തം 1,546 ഉൽപന്നങ്ങൾക്ക് പൂജ്യ ശതമാനം (0%) വാറ്റ് ബാധകമാക്കിക്കൊണ്ട് പുതിയ മൂന്ന് ഉത്തരവുകൾ പുറത്തിറങ്ങി. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബ ബജറ്റിലെ ഭാരം കുറയ്ക്കാനും പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി.
പുതിയ ഉത്തരവ് പ്രകാരം ഭക്ഷ്യവസ്തുക്കളിൽ മാത്രം 807 ഇനങ്ങളെയാണ് പുതിയ വാറ്റ് ഇളവ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബീഫ്, ആട്ടിറച്ചി, കോഴിയിറച്ചി, മത്സ്യം, പാലുൽപ്പന്നങ്ങൾ, വിവിധ കടൽവിഭവങ്ങൾ, മൃഗത്തീറ്റ, ഉപ്പ് ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മനുഷ്യർക്കുള്ള മരുന്നുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, വിറ്റാമിനുകൾ, മെഡിക്കൽ ഓക്സിജൻ, ഡെന്റൽ ഉപകരണങ്ങൾ തുടങ്ങി 677 മെഡിക്കൽ സാമഗ്രികൾക്കും വാറ്റ് ഒഴിവാക്കിയിട്ടുണ്ട്.
ഇതിന് പുറമെ വെറ്ററിനറി മേഖലയിലെ വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, പരിശോധനാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള 62 ഇനങ്ങൾക്കും ഈ ഇളവ് ബാധകമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക-കന്നുകാലി വളർത്തൽ മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും ഈ നിർണായക തീരുമാനം ഏറെ സഹായകരമാകും. ഒമാന്റെ ഈ പുതിയ പ്രഖ്യാപനം പ്രവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
