Home » Blog » kerala Max » സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ് ; ‘ജയിൽ നിറയ്ക്കൽ സമരം’ നടത്തുമെന്ന് അഭിജീത് ദിപ്കെ
2

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈയിൽ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) ശിവാജി പാർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിനാണ് മുംബൈ പൊലീസ് അനുമതി നിഷേധിച്ചത്. അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ‘ജയിൽ നിറയ്ക്കൽ സമരം’ നടത്തുമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.

ശിവാജി പാർക്ക് കായിക ആവശ്യങ്ങൾക്കല്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച 2013 ലെ ബോംബെ ഹൈക്കോടതി ഉത്തരവും മഹാരാഷ്ട്ര സർക്കാരിന്റെ മാർഗനിർദേശങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. മൈതാനം ഉപയോഗിക്കുന്നതിന് സംഘാടകർ ബി.എം.സിയുടെ മുൻകൂർ അനുമതി നേടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധം നടന്നാൽ ഗതാഗതക്കുരുക്കിനും ശബ്ദമലിനീകരണത്തിനും സമീപത്തെ ആശുപത്രികളിലേക്കുള്ള യാത്ര തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും പൊലീസ് വിശദീകരിച്ചു.

അനുമതി നിഷേധിച്ച നടപടിയെ അഭിജീത് ദിപ്കെ വിമർശിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഒക്ടോബർ രണ്ടിന് മുംബൈയിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് സി.ജെ.പി. നേരത്തെ ആഹ്വാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികൾക്കുമെതിരെയാണ് പാർട്ടിയുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *