
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ബാധകമാണ്. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമാണ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് മുനമ്പം മുതൽ മറുവക്കാട് വരെയും, തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയുമുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെയും, കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും, കാസർകോട് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള പ്രദേശങ്ങളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഇതിനുപുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
