
ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യയിലെ ഓപ്പറേഷൻസ് ശൃംഖലയിൽ ഏറ്റവും വലിയ വിപുലീകരണം പ്രഖ്യാപിച്ച് ആമസോൺ. 20 പുതിയ ഫുൾഫിൽമെന്റ് കേന്ദ്രങ്ങളും 6 പുതിയ സോർട്ട് കേന്ദ്രങ്ങളും 150 പുതിയ ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകളുമാണ് ആരംഭിച്ചത്. ഇതോടെ ആമസോണിന്റെ മൊത്തം സംഭരണശേഷി 50 ശതമാനം വർധിച്ച് 6.4 കോടി ഘനയടിയായി. 720-ലധികം ഒളിമ്പിക് നീന്തൽക്കുളങ്ങളുടെ വലുപ്പത്തിന് തുല്യമാണിത്. റായ്പൂർ, റാഞ്ചി, വാരാണസി എന്നിവിടങ്ങളിലെ ആമസോണിന്റെ ആദ്യ ഫുൾഫിൽമെന്റ് കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മെട്രോ നഗരങ്ങൾക്ക് പുറത്തേക്കും ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് പുതിയ ഫുൾഫിൽമെന്റ് കേന്ദ്രങ്ങളും ആറ് സോർട്ടിങ് കേന്ദ്രങ്ങളും നോൺ-മെട്രോ നഗരങ്ങളിലാണ് ആരംഭിക്കുന്നത്. ചിക്കബെല്ലാപുര, ഹാസൻ, മീററ്റ്, രാമനഗർ, റായ്പൂർ, വാരാണസി എന്നിവിടങ്ങളിലെ പുതിയ സോർട്ട് കേന്ദ്രങ്ങളോടെ ആമസോണിന്റെ മൊത്തം സോർട്ടിങ് കേന്ദ്രങ്ങളുടെ വിസ്തീർണം 24 ലക്ഷം ചതുരശ്ര അടിയിൽ നിന്ന് 30 ലക്ഷം ചതുരശ്ര അടിയായി ഉയരും. 118 നഗരങ്ങളിലായി 150 പുതിയ ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകൾ തുറന്നു. 12 നഗരങ്ങളിൽ ആദ്യമായാണ് ആമസോൺ ലാസ്റ്റ് മൈൽ ഡെലിവറി സ്റ്റേഷനുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അതേ ദിവസം ഡെലിവറി ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 30 ശതമാനം വർധിച്ചതായും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ പ്രവർത്തന ശൃംഖല ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച 2,800 കോടിയിലധികം രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം. വിൽപ്പനക്കാരുടെ ഉൽപ്പന്നശേഖരം ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തെത്തിക്കുന്നതിനും രാജ്യത്തെ കൂടുതൽ മേഖലകളിലേക്ക് വേഗതയേറിയതും വിശ്വസനീയവുമായ ഡെലിവറി വ്യാപിപ്പിക്കുന്നതിനും പുതിയ ശൃംഖല സഹായിക്കും. ഉത്സവ സീസണിന് മുന്നോടിയായി മെട്രോ നഗരങ്ങൾക്കൊപ്പം ടയർ-2, ടയർ-3 നഗരങ്ങൾ ഉൾപ്പെടെ 400 നഗരങ്ങളിലായി 1.6 ലക്ഷത്തിലധികം താൽക്കാലിക തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കും.
