
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രാസൗകര്യങ്ങളിലും മാറ്റം വരണമെന്നും മുരളീധരൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരിവണ്ടി മാറി വന്ദേഭാരത് വന്നു’ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. വിമാനത്തിന്റെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇപ്പോൾ ഇത്തരം വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ശബരിമല സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. സ്വർണക്കിരീടം ശബരിമലയിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്നും സുരക്ഷിതമാണെന്നുമാണ് ദേവസ്വം ബോർഡ് അറിയിച്ചതെന്ന് മുരളീധരൻ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ പരിശോധിക്കാൻ എ.ഡി.എം.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥലത്തെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തനിക്ക് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ആവശ്യമായ ഘട്ടങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ പണത്തിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന ആരോപണവും മുരളീധരൻ തള്ളി. നിലവിൽ 657 ഇനം മരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. ചിലർ ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മരുന്ന് ക്ഷാമമില്ലെന്നും ആരോപണങ്ങൾ ചിലരുടെ അസൂയയുടെ ഭാഗമാണെന്നും മുരളീധരൻ പരിഹാസരൂപത്തിൽ പ്രതികരിച്ചു.
