Home » Blog » Kerala » അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശന്‍; രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം
21

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അതിസമ്പന്നരുടെ കളിപ്പാവയായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. പേരുവെളിപ്പെടുത്താൻ കഴിയാത്ത അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററും സ്പോൺസർ ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചു തലതാഴ്ത്തേണ്ടി വരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

 

അതേസമയം, തന്റെ ചാർട്ടേർഡ് വിമാന യാത്രയെയും മന്ത്രിമാരുടെ സ്പോൺസേർഡ് വിദേശയാത്രകളെയും പൂർണ്ണമായും ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സുഹൃത്തുക്കൾ സഹായിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഇതിലൂടെ സർക്കാരിൻ്റെ ഖജനാവിന് ഒരു പൈസ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. മലപ്പുറം യാത്ര സ്പോൺസർ ചെയ്തത് ഒരു മലയാളിയാണെന്ന് വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ വി.ഡി. സതീശൻ തയ്യാറായില്ല.

 

മന്ത്രിമാരുടെ യാത്രകളിലെ സ്പോൺസർഷിപ്പിനെച്ചൊല്ലി സർക്കാരിനെതിരെ പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരാണ് സ്പോൺസർമാരെന്ന് വ്യക്തമാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.എം. തോമസ് ഐസക് വിമർശിച്ചു. സർക്കാരിനു വേണ്ടി മറ്റൊരു കമ്പനി പണം അടക്കുന്നത് അഴിമതിക്കുറ്റമാണെന്ന് പി. രാജീവും പ്രതികരിച്ചു. സ്പോൺസർ ആരാണെന്ന് തുറന്നുപറയാത്തത് കടുത്ത ദുരൂഹതയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് എം.വി. ജയരാജനും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *