
സംവിധായകൻ സനൽ കുമാർ ശശിധരൻ നടി മഞ്ജു വാരിയർക്കെതിരെ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. സനൽ കുമാറിന്റെ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിച്ചു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കുകയും വേട്ടയാടുകയും ചെയ്യാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. മഞ്ജു വാരിയർ ‘അമ്മ’യിലെ ലൈഫ് അംഗമായിരുന്നിട്ടും വിഷയത്തിൽ സംഘടന പുലർത്തുന്ന മൗനത്തെയും നിഷ്ക്രിയത്വത്തെയും ഉഷ രൂക്ഷമായി ചോദ്യം ചെയ്തു. നേരത്തെ അതിജീവിതയുടെ വിഷയം ഉയർന്നപ്പോഴും സംഘടനയിലെ മറ്റ് ഭാരവാഹികൾക്കെതിരെ പരാതികൾ വന്നപ്പോഴും സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയ ഉഷ, സ്ത്രീപക്ഷ ഭരണസമിതി എന്ന നിലയിൽ പ്രവർത്തിക്കുന്ന ‘അമ്മ’ അംഗങ്ങളായ സ്ത്രീകളുടെ സംരക്ഷണത്തിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.
പ്രതിസന്ധി ഘട്ടത്തിൽ സഹപ്രവർത്തകയ്ക്ക് പരസ്യ പിന്തുണ നൽകാനും പ്രതികരിക്കാനും തയ്യാറാകാത്ത ‘അമ്മ’ നേതൃത്വത്തിനെതിരെയും ഉഷ വിമർശനം ഉന്നയിച്ചു. മഞ്ജു വാരിയർക്കൊപ്പം സംഘടനയിലെ അംഗങ്ങൾ നിലകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയും പൊലീസും അടിയന്തരമായി ഇടപെട്ട് സനൽ കുമാർ ശശിധരനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഉഷ ആവശ്യപ്പെട്ടു.
‘‘സംവിധായകൻ സനൽ കുമാർ ശശിധരൻ കുറെ വർഷങ്ങളായി നടി മഞ്ജു വാര്യരെ കരിവാരി തേച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത് തുടങ്ങിയിട്ട്. ആദ്യമൊക്കെ പോസ്റ്റ് എഴുതിയിരുന്ന ആൾ, ഇപ്പൊ സെക്രട്ടറിയേറ്റിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുകയാണ്. ഇയാളുടെ പിന്നിൽ ആരോ ഉള്ളതുപോലെയാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഇയാൾക്ക് ആരോ പണം നൽകുന്നുണ്ട്, അത് മേടിച്ചിട്ടാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംശയിക്കുന്നു. വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല. അന്തസായി ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അവഹേളിക്കുക, മര്യാദയ്ക്ക് ജീവിക്കാൻ സമ്മതിക്കാതിരിക്കുക എന്നുള്ളത് തന്നെയാണ് ഇയാളുടെ ലക്ഷ്യം. പണ്ടൊക്കെ നമ്മൾ ഗൂഗിളിലോ സോഷ്യൽ മീഡിയയിലോ സെർച്ച് ചെയ്യുമ്പോഴത്തേക്ക് മഞ്ജു വാരിയർ എന്ന് അടിച്ചാൽ ലേഡി സൂപ്പർ സ്റ്റാർ എന്നും, തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു, രജനികാന്തിന്റെയും മോഹൻലാലിന്റെയും കൂടെ അഭിനയിക്കുന്നു എന്നൊക്കെയാ വരുന്നത്.
എന്നാൽ ഇപ്പൊ വരുന്നത് എന്താണ്? അവരുടെ പേരിൽ സനൽ കുമാർ ശശിധരൻ എന്നയാൾ സെക്രട്ടേറിയറ്റിന്റെ നടയിൽ പോയി കിടക്കുന്നു എന്നാണു വരുന്നത്. അവർക്ക് ഇയാളോട് പ്രണയം ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഇയാളെ ചതിച്ചുവെന്ന് പറഞ്ഞ് ഒരു തമിഴത്തിയുമായിട്ടുള്ള വോയിസ് ക്ലിപ്പ് പുറത്തുവിട്ടാൽ ജനങ്ങളൊക്കെ മണ്ടന്മാരാണോ? മലയാളികളെയൊക്കെ പറ്റിക്കാമെന്നാണ് വിചാരിച്ചിരിക്കുന്നത്? ആ വോയിസ് കേട്ടാൽ അറിയാം കാര്യങ്ങൾ. ഇതിൽ മഞ്ജു മിണ്ടാതിരിക്കുന്നത് അവർക്ക് ഇയാളെ ഭയമുള്ളതുകൊണ്ടാണ്, അല്ലാതെ അവര് ഒരു തോക്കിന്റെ മുമ്പിലും പേടിച്ചു നിൽക്കുന്ന ആളല്ല. നേരിട്ട് ചെന്ന് കഴിഞ്ഞാൽ ഇയാൾ എന്തെങ്കിലും ഉപദ്രവിച്ചാലോ എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇയാൾക്ക് അങ്ങോട്ട് പ്രണയം ഉണ്ടായിരിക്കും. അവർ ചെയ്ത ഏക തെറ്റ്, ഇയാളുടെ സിനിമയിൽ അഭിനയിക്കാൻ പോയത് തന്നെയാണ്. പിന്നെ ഇയാളുടെ കഴിവിലവർക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. കാശ് മുടക്കി അവര് പാർട്ണർഷിപ്പും കൂടെ എടുത്തുപോയി എന്നുള്ളതാണ് അവര് ചെയ്ത തെറ്റ്.
നമുക്കിപ്പോ നല്ല സംവിധായകരോട്, നല്ല റൈറ്റേഴ്സിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. അതൊക്കെ പ്രണയം ആണെന്ന് പറയാൻ പറ്റുമോ? കഴിവുള്ള സംവിധായകൻ നല്ല കഥാപാത്രങ്ങൾ തരുന്നത് കാണുമ്പോൾ ഒരു അടുപ്പം തോന്നും. അതുകൊണ്ടാണല്ലോ അവര് കാശ് മുടക്കിയത്. എത്രയോ വലിയ സംവിധായകർ ഇവിടെയുണ്ട്, ആളുടെ കഴിവ് കണ്ട് ആ പടം എടുക്കാൻ പണം നൽകി സഹായിച്ചു. അങ്ങനെയൊരു തെറ്റ് മാത്രേ ചെയ്തിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. സ്വാഭാവികമായി ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാം, അത് പ്രണയമാകാം. അത് അയാളുടെ ഇഷ്ടമാണ്. എന്നാൽ അത് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ, എന്താ ഇതിങ്ങനെ നാണം കെട്ടു നടക്കുന്നത്? അതിനൊക്കെ ഒരു പരിധിയുണ്ട്. അയാളെ നാറ്റിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ഇതെന്ത് നിരാഹാരം സമരം?
ഞാൻ നമ്മുടെ നടിമാരുടെ പെൺമക്കൾ ഗ്രൂപ്പിൽ ഒരു വോയിസ് ഇട്ടിട്ടുണ്ടായിരുന്നു. മഞ്ജു വാരിയർ തയാറാണെങ്കിൽ ഞങ്ങളെല്ലാവരും കൂടെ പോകാൻ തയാറാണ്. ‘അമ്മ’ സംഘടന ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ്. ഭരണപക്ഷം എവിടെ. അതിജീവിതയുടെ വിഷയം വന്നപ്പോഴത്തേക്കും ആണുങ്ങൾ ഭരിക്കുന്നത് കൊണ്ട് അവര് കുറ്റാരോപിതന്റെ കൂടെ നിന്നു, ഇടപെട്ടില്ല എന്ന് പറഞ്ഞു. സ്ത്രീപക്ഷ കമ്മിറ്റി എന്നിട്ട് എന്താണ് ചെയ്യുന്നത്? ഒരു ഭാരവാഹിയായ അൻസിബയുടെ പേരിൽ ഒരു പരാതി വന്നപ്പോ കോടതി കേറി ഇറങ്ങുകയല്ലാതെ ഇവർക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റുന്നില്ല.
ഇന്നിപ്പോൾ ലൈഫ് മെമ്പറായ മഞ്ജു വാരിയർക്കെതിരെ ഇത്രയും വലിയൊരു ആരോപണം വന്നിട്ട് ഇത്ര നാളായി, ഇവര് കമാ എന്നൊരു അക്ഷരം മിണ്ടിയിട്ടുണ്ടോ? ഞങ്ങൾ പാവയായി ഇരിക്കില്ല എന്നാണല്ലോ പ്രസിഡന്റ് പറഞ്ഞത്, ഇപ്പൊ ആരുടെ പാവയായാണ് മിണ്ടാതിരിക്കുന്നത്? ആരെങ്കിലും പറഞ്ഞിട്ടാണോ മിണ്ടാതിരിക്കുന്നത്? എന്തുകൊണ്ട് ഇവര് പ്രതികരിക്കുന്നില്ല? ഞാൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ മറ്റ് അംഗങ്ങളെയൊക്കെ കൂട്ടി അങ്ങോട്ട് ചെന്ന് ഇയാളുടെ ബാനറും വലിച്ചുകീറി, കസേരയും ചവിട്ടിയൊടിച്ച് ഇയാളെ ചൂലു കൊണ്ട് അടിച്ചിട്ട് ഓടിച്ചേനെ. മേലാൽ അവിടെ വന്നിരിക്കരുത് എന്ന് പറഞ്ഞേനെ. കൂടെയുള്ള നമ്മൾ സഹപ്രവർത്തകയെ സപ്പോർട്ട് ചെയ്യണ്ടേ? രണ്ട് നല്ല വാക്ക് സംസാരിക്കണ്ടേ? ഞങ്ങൾ മഞ്ജു വാരിയരുടെ കൂടെയാണെന്ന് പറയണ്ടേ?
മഞ്ജു തയാറാണെങ്കിൽ ഞങ്ങളെല്ലാവരും കൂടെയുണ്ട്. ‘അമ്മ’ ഭാരവാഹികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘അമ്മ’യിലെ മറ്റ് അംഗങ്ങളായ ഞങ്ങളിൽ ചിലർ മഞ്ജുവിനു വേണ്ടി ഏത് അറ്റം വരെയും കൂടെപ്പോകാനും പ്രതികരിക്കാനും തയാറാണ്. ഇതിന്റെ പിന്നിലൊരു വലിയ ഗൂഢാലോചന ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഈ സനൽ കുമാർ ശശിധരൻ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പോകുന്നില്ല. ഇത്രയും കഴിവുള്ള ഒരു സംവിധായകൻ ആ ജോലിയിൽ പോലും ശ്രദ്ധിക്കാതെ ഇങ്ങനെയൊക്കെ കാണിക്കണമെങ്കിൽ മഞ്ജുവിനെ നാറ്റിക്കുക, ആവശ്യമില്ലാത്ത ചർച്ചകൾ ഉണ്ടാക്കുക എന്ന വലിയൊരു ഗൂഢ ലക്ഷ്യമുണ്ട്. മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ച് വിജയിച്ചു കാണിച്ചു കൊടുത്ത ഒരു സ്ത്രീയാണ് മഞ്ജു. അങ്ങനെയുള്ള ഒരു സ്ത്രീയെ എന്തിനാ മോശക്കാരിയാക്കുന്നത്? മഞ്ജുവിന് ശത്രുക്കൾ ഉണ്ട്, അതിൽ ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്. എപ്പോഴും ഒരാളിലേക്കാണ് എല്ലാവരും ഫോക്കസ് ചെയ്യുന്നത്, ആ ആള് ആരാണെന്ന് ഞാൻ പറയുന്നില്ല. മഞ്ജു ഇങ്ങനെ സുഖിച്ച് ജീവിക്കേണ്ട എന്ന് വിചാരിക്കുന്ന ശത്രുക്കളുണ്ടാകാം. ആത്മാഭിമാനമില്ലേ ഇയാൾക്ക് ഇങ്ങനെ നാണംകെട്ടു നിൽക്കാൻ?
മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്. ഇയാളെ അറസ്റ്റ് ചെയ്യണം, റിമാൻഡിൽ വിടണം. പുല്ലുപോലെ ജാമ്യമെടുത്ത് ഒന്നും പോകാൻ സമ്മതിക്കരുത്. പൊലീസ് സ്റ്റേഷനിൽ വച്ച് നല്ല പിട കൊടുക്കണം, പൊലീസുകാർ അങ്ങനെ തന്നെ ചെയ്യണം. സ്ത്രീപക്ഷം എന്ന് എല്ലാവരും വാതോരാതെ പറയുന്നുണ്ടെങ്കിലും സ്ത്രീകൾക്കൊരു വിഷയം വരുമ്പോൾ ഭരണകൂടമോ പൊലീസോ ഒന്നും കാണാത്തത് പോലെ നടക്കരുത്. ഒരുത്തന് എന്തുമാവാം എന്നുള്ള അവസ്ഥയാണോ ഇവിടെ? ഇതെന്താ വെള്ളരിക്കാ പട്ടണമോ?”
