Home » Blog » Business »  ‘വൺടാഗ്’ സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്; ഇനി സ്റ്റിക്കർ മാറാതെ തന്നെ പോർട്ട് ചെയ്യാം
1
കൊച്ചി:   സ്റ്റിക്കറുകൾ മാറ്റാതെ തന്നെ മറ്റു ബാങ്കുകളുടെ ഫാസ്റ്റാഗ് ഫെഡറൽ ബാങ്കിലേക്ക് മാറ്റാവുന്ന ‘വൺടാഗ്’ സംവിധാനം  നിലവിൽ വന്നു. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026ൽ വച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.  നിലവിലുള്ള ഫാസ്ടാഗ് സ്റ്റിക്കർ തന്നെ ഉപയോഗിച്ചുകൊണ്ട് ഫെഡറൽ ബാങ്കിലേക്ക് മാറാം എന്നതാണ് ‘വൺടാഗിന്റെ’ സവിശേഷത. ദേശീയപാതാ അതോറിറ്റി വികസിപ്പിച്ച ‘രാജ്മാർഗ് യാത്ര’ ആപ്ലിക്കേഷൻ മുഖേന ഇടപാടുകാർക്ക് വൺ ടാഗിന് വേണ്ടി  അപേക്ഷിക്കാം. വാഹന രജിസ്‌ട്രേഷൻ നമ്പറും ഒറ്റത്തവണ പാസ്‍വേർഡും ഉപഭോക്തൃ സമ്മതവും നൽകുന്നപക്ഷം, തുടർന്നുള്ള 72 മണിക്കൂറിനുള്ളിൽ ഫെഡറൽ ബാങ്കിന്റെ ഫാസ്ടാഗ് പോർട്ടലിലൂടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.
ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ ഉപഭോക്തൃ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. നിലവിൽ കാർ, ജീപ്പ്, വാൻ തുടങ്ങിയ രാജ്യത്തെ വെഹിക്കിൾ ക്ലാസ് 4 (വിസി 4) വാഹനങ്ങളിലാണ് സേവനം ലഭിക്കുക. വാഹന രജിസ്‌ട്രേഷൻ നമ്പർ കൃത്യമായി അപ്ഡേറ്റ് ചെയ്ത, ഫാസ്ടാഗ് സജീവമായി ഉപയോഗിക്കുന്നവർക്ക് മാത്രമേ  നിലവിൽ സേവനം ഉപയോഗപ്പെടുത്താനാകൂ. മുൻപ് പോർട്ട് ചെയ്ത ഫാസ്ടാഗുകൾക്ക്  ഈ സൗകര്യം ലഭ്യമല്ല.
ഡിജിറ്റൽ പേയ്മെന്റ് രംഗത്തും രാജ്യത്തെ ഗതാഗത സേവന മേഖലകളിലും സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മറ്റു ബാങ്കുകളുടെ ഫാസ്ടാഗ് ഉപഭോക്താക്കളെ ഫെഡറൽ ബാങ്കിലേക്ക് ആകർഷിക്കാൻ അവസരമൊരുക്കുന്നതുമാണ് പുതിയ ഫീച്ചറെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. രാജ്മാർഗ് യാത്ര ആപ്ലിക്കേഷനിലൂടെ അപേക്ഷ നൽകിയതിനുശേഷം https://fastag.federalbank.co.in/ എന്ന വെബ്സൈറ്റ് മുഖേന പോർട്ടബിലിറ്റി നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *