Home » Blog » Kerala » ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ നല്‍കുന്നത് എട്ടിന്റെ പണി
sbi

ഈ മാസം ഒടുവില്‍ അഞ്ച് ദിവസം തുടര്‍ച്ചായി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്നാണ് തുടര്‍ച്ചയായി ബാങ്ക് അവധി വരുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും. സെപ്റ്റംബര്‍ 26, 27 ദിവസങ്ങളില്‍ നാലാം ശനിയും ഞായറും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്.

സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത് തിങ്കള്‍ മുതല്‍ ബുധന്‍ വരെയാണ്. അതിനാലാണ് അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത്. റിസർവ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണെന്നാണ് സർക്കാർ നിലപാട്.

സമരത്തില്‍ എടിഎം, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. ശമ്പളം, പെന്‍ഷന്‍ വിതരണം, ഇഎംഐ എന്നിവ തടസപ്പെടാനും സാധ്യതയുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നെറ്റ് ബാങ്കിങ്, യോനോ, യുപിഐ, എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിൻ്റുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ തടസമില്ലാതെ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടെങ്കിലും തടസം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. അഞ്ച് ദിവസം സമരം വന്നാല്‍ എടിഎമ്മില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ കഴിയില്ല. അതിനാല്‍ എടിഎം ഉപയോഗിക്കുന്ന പലരും നിരാശരാകേണ്ടിവരും.

പണിമുടക്ക് കാലയളവിൽ തടസ്സങ്ങൾ ഒഴിവാക്കാൻ ബ്രാഞ്ചുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ജോലികൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് ഉപഭോക്താക്കളോട് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഞ്ച് ദിനം ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുന്നത് രാജ്യത്തെ ബാങ്കിങ് സംവിധാനങ്ങളെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്.അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *