Home » Blog » Kerala » “ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്, കേസിൽ തെളിവുകളില്ലെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്” ; വി. ശിവൻകുട്ടി
9

തിരുവനന്തപുരം: പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും കേസിൽ തെളിവുകളില്ലെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സുപ്രീംകോടതി വരെ എടുത്തുകളഞ്ഞ കേസാണിതെന്നും അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ശിവൻകുട്ടി ആരോപിച്ചു.

കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും ഭീഷണിപ്പെടുത്തി പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അന്വേഷണ ഏജൻസിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി മലയാളം മനോരമയിൽ എഴുതിയ ലേഖനത്തിലും പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. ജനറൽ സെക്രട്ടറിയാണ് പാർട്ടിയുടെ കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും സിപിഎമ്മിനെ സംബന്ധിച്ച് സാധാരണ പ്രക്രിയയുടെ ഭാഗമാണെന്നും തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുന്ന രീതിയാണ് പാർട്ടിക്കുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു. തോൽവി ഉണ്ടാകില്ലെന്നാണ് പാർട്ടി കരുതിയിരുന്നത്. എന്നാൽ എന്തുകൊണ്ടാണ് തോൽവിയുണ്ടായതെന്ന് പരിശോധിച്ചു. ഉണ്ടായ തെറ്റുകൾ തിരുത്തി പാർട്ടിയെ മുന്നോട്ടുനയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. പാർട്ടിക്ക് എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള തീരുമാനമാണ് വിശാല സംസ്ഥാന സമിതി സ്വീകരിച്ചിട്ടുള്ളത്. അത് ഫലപ്രദമായി നടപ്പാക്കുമെന്നും പാർട്ടിക്ക് വലിയ ഉയർത്തെഴുന്നേൽപ്പുണ്ടാകുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *