
മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് പുറമേയാണ് ഇപ്പോൾ മൂന്ന് പേരുടെ കൂടി മൃതദേഹങ്ങൾ ലഭിച്ചത്. മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നത്. അതേസമയം കൂടുതൽ ആളുകൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ഈ അപകടമുണ്ടായത്. താഴെ പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നില്ലെങ്കിലും മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് അപ്രതീക്ഷിതമായി മലവെള്ളം പുഴയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പെട്ടെന്ന് വെള്ളം ഉയർന്നത് കണ്ട് വനം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
