
കൊല്ലം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ ഉയർത്തിയ ബാനറിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. കൊല്ലം ഗുഹാനന്ദപുരം സ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ബാനറാണ് വിവാദമായത്. വി.ടി ബൽറാം ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും ബാനറിലെ പ്രയോഗത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. ‘ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് ഇങ്ങനെയൊരു ബാനർ പിടിപ്പിക്കണമായിരുന്നോ?’ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നാണ് ബാനറിലെ വാക്കുകൾ. ബാനർ പിടിച്ചുനിൽക്കുന്ന വിദ്യാർഥികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബാനറിനു താഴെ എസ്എഫ്ഐ ഗുഹാനന്ദപുരം സ്കൂൾ യൂണിറ്റ് കമ്മിറ്റി എന്നും എഴുതിയിട്ടുണ്ട്.
ഏതോ ഒരു സ്കൂളിൽ ഏഴിലോ, എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളേക്കൊണ്ട് ഒരു ‘വിദ്യാർഥി സംഘടന’ പിടിപ്പിക്കുന്ന ബാനർ ആണിതെന്ന് വി.ടി ബൽറാം എംഎൽഎ വിമർശിച്ചു. ‘എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും. നിങ്ങക്കെന്താ വയ്യേ!’ -ബൽറാം ചോദിച്ചു.
‘എന്ത് ന്യായീകരണം പറഞ്ഞാലും ഇതല്ല ഞങ്ങൾ വളർന്നുവന്ന എസ്എഫ്ഐ’ എന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ വിമർശിച്ചു. ഈ ബോർഡ് എഴുതിക്കൊടുത്തവരെ ആദ്യം പാർട്ടി തിരുത്തണം. കുട്ടികളിൽ രാഷ്ട്രീയം വളർത്തേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ നാട്ടിലെ സ്കൂൾ കുട്ടികളുടെ രാഷ്ട്രീയ വിനിമയ ഭാഷ ഇതാണോയെന്ന് ചിത്രം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ കെ.എ ഷാജി ചോദിച്ചു. “ഇങ്ങനെയൊക്കെയാണ് ഭാവിയിലെ നേതാക്കൾ നിർമ്മാണാത്മകവും ആരോഗ്യകരവുമായ രാഷ്ട്രീയ വിമർശനം പരിശീലിക്കുന്നത്. അമൃത യൂണിവേഴ്സിറ്റിയിലും ബക്കിങ്ഹാമിലും ഒന്നും കുട്ടികളെ പഠിപ്പിക്കാൻ വിടാൻ പണമില്ലാത്ത മാതാപിതാക്കളുടെ സ്വപ്നങ്ങളും ഈ വഴിയൊക്കെ തന്നെ പോകും. എമ്മാതിരി പുരോഗമനമാണ് സഖാവെ?” – കെ.എ ഷാജി പോസ്റ്റിൽ ചോദിച്ചു.
