
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് നിർണായക തീരുമാനമെടുക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതോടെയാണ് നടപടികൾ വേഗത്തിലായത്.
ഇഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സർക്കാർ കടക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വ്യക്തമായ തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് എജിയുടെ (അഡ്വക്കേറ്റ് ജനറൽ) നിയമോപദേശം. അന്വേഷണത്തിന്റെ രീതി സർക്കാരിന് തീരുമാനിക്കാമെന്നും, പ്രാഥമിക അന്വേഷണത്തിന് ശേഷം വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്.
പിണറായി വിജയനെതിരെ കേസെടുക്കുന്നത് കൊണ്ടുണ്ടാകുന്ന രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങൾ ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിക്കും. പഴയ റിപ്പോർട്ടുകൾ കേസ് അന്വേഷണത്തിന് നിയമതടസ്സമാകില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹവാല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം വേണോ എന്ന കാര്യത്തിലും ഇനി ആഭ്യന്തര വകുപ്പാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
