
കൊച്ചി: പുരുഷ വന്ധ്യതാ പ്രശ്നങ്ങൾ വർധിച്ചുവരുന്നതായി പാലക്കാട് നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ദീപ്തി സുരേന്ദ്രൻ പറഞ്ഞു. ചികിത്സയ്ക്കെത്തിയ പുരുഷന്മാരിൽ 41 ശതമാനം പേരിലും ബീജത്തിന്റെ എണ്ണം, ചലനശേഷി തുടങ്ങിയവയിൽ അസാധാരണത കണ്ടെത്തിയതായി അവർ വ്യക്തമാക്കി. ഇവരിൽ 66 ശതമാനത്തിലധികം പേർ 31നും 40നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ശരീരസൗന്ദര്യം വർധിപ്പിക്കുന്നതിനായി മെഡിക്കൽ മേൽനോട്ടമില്ലാതെ ടെസ്റ്റോസ്റ്റിറോൺ, അനബോളിക് സ്റ്റിറോയിഡുകൾ എന്നിവ ഉപയോഗിക്കുന്നത് ബീജോൽപാദനത്തെ ബാധിക്കാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. പ്രായം, അമിതവണ്ണം, പ്രമേഹം, സമ്മർദം, ഉറക്കക്കുറവ്, പുകവലി, അമിത മദ്യപാനം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയവയും പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കാം. വന്ധ്യതാ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനായി ദമ്പതികൾ ഒരുമിച്ച് പരിശോധന നടത്തണമെന്നും അവർ നിർദേശിച്ചു.
