
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്ന നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ലെന്നും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർ പോലുള്ള കാടിനോട് ചേർന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരള’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യൂറോപ്പിലെ മാതൃകയിൽ കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളും ലഭ്യമാക്കും. പരമാവധി കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കുന്നതിനാണ് ‘റീ ഇമാജിനിങ് കേരള’ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കണം. സർക്കാർ പരമ്പരാഗത രീതിയിൽ തന്നെ മുന്നോട്ടുപോയാൽ വികസനത്തിന്റെ വേഗം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിക്ഷേപം നടത്തുക എന്നത് രാജ്യത്തിനും പുറത്തേക്കും ശക്തമായ സന്ദേശമായി മാറണം. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. ഏഴ് വർഷമായി അനുമതി ലഭിക്കാതെ കിടന്ന പദ്ധതികൾ പോലുമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ‘സരൾ കേരളം’ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിൽ ആറുമാസത്തിനുള്ളിൽ പരമാവധി കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുകയും മികച്ച ഫലം കൈവരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ‘റീ ഇമാജിനിങ് കേരള’ പരിപാടിയിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾക്ക് വ്യക്തമായ നടപ്പാക്കൽ മാർഗരേഖ തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
