
കൊച്ചി: നൂതനാശയമുള്ള സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും കണ്ടെത്താനായി ഗൗതം അദാനി തുടക്കമിട്ട വന്ദേ ഭാരതം പദ്ധതിയിലൂടെ ഗുജറാത്ത് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ-ടെക് സ്റ്റാർട്ടപ്പായ മൈകോബിന് 30 കോടി രൂപയും നിക്ഷേപം ലഭിച്ചു. സെപ്റ്റംബർ 14-ന് സംപ്രേഷണം ചെയ്ത വന്ദേ ഭാരതം പരിപാടിയുടെ ഏഴാം എപ്പിസോഡിലൂടെയാണ് 30 കോടി രൂപയുടെ ഈ റെക്കോർഡ് നിക്ഷേപം കമ്പനി സ്വന്തമാക്കിയത്.
ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി, റെനി കോസ്മെറ്റിക്സ് സഹസ്ഥാപകൻ അഷുതോഷ് വൽാനി എന്നിവർ ചേർന്നാണ് 30 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഈ സീസണിലെ ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമാണിത്. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി മൈകോബിന്റെ ഭാവി നിർമ്മാണ പദ്ധതികൾക്ക് ആവശ്യമായ പിന്തുണയും വാഗ്ദാനം ചെയ്തു.
അങ്കിത സിൻഹ, ശശാങ്ക് ശേഖർ, ഋഷഭ് മാത്തൂർ എന്നിവർ ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്.
മൈകോബിന്റെ സാങ്കേതികവിദ്യ വെറുമൊരു റോബോട്ടിക് 3ഡി പ്രിന്റിംഗിന് അപ്പുറം, നിർമ്മാണ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കുന്ന ഫുൾ-സ്റ്റാക്ക് ഡിജിറ്റൽ കൺസ്ട്രക്ഷൻ മാനുഫാക്ചറിംഗ് പ്ലാറ്റ്ഫോമാണ് ഒരുക്കുന്നത്. ഈ സാങ്കേതികവിദ്യ വഴി കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും മെറ്റീരിയലുകൾ പാഴാകുന്നത് വലിയ തോതിൽ കുറയ്ക്കാനും സാധിക്കും.
സെപ്റ്റംബർ 17ന് നടക്കുന്ന ഗ്രാൻ്റ് ഫിനാലെയിലെ വിജയിക്ക് അദാനി ഗ്രൂപ്പ് നൽകുന്ന രണ്ട് കോടി രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം.
