
ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിൽ സിനിമാ പ്രമോഷൻ വേദിയിൽ അവതാരക ദക്ഷ രവീന്ദ്രനാഥിനെ നടി ഉർവശി പരിഹസിച്ച സംഭവത്തിൽ സുപ്രിയ മേനോന് പിന്നാലെ നടിയും അവതാരകയുമായ അവന്തിക മോഹനും രംഗത്ത്. മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള ലൈസൻസല്ലെന്നും, ഇംഗ്ലീഷ് ഉപയോഗം ബുദ്ധിയുടെയോ വർഗത്തിന്റെയോ അളവുകോലല്ലെന്നും ചൂണ്ടിക്കാണിച്ച അവന്തിക, പ്രതികൂല സാഹചര്യത്തെയും മാന്യതയോടെ നേരിട്ട അവതാരകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മറ്റുള്ളവരോട്, പ്രത്യേകിച്ച് ജോലിയിൽ മികവ് പുലർത്താൻ ശ്രമിക്കുന്നവരോട് പെരുമാറുന്ന രീതിയിലാണ് യഥാർത്ഥ സീനിയോറിറ്റി തെളിയുന്നത് എന്ന് അവന്തിക അഭിപ്രായപ്പെട്ടു. ഉർവശി മികച്ച നടിയാണെങ്കിലും ഇത്തരം നിമിഷങ്ങൾ വ്യക്തിഗത സ്വഭാവത്തിന്റെ പരിമിതികളാണ് വെളിപ്പെടുത്തുന്നത്. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നുവെന്ന് ഊഹിക്കാൻ പോലുമാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘വിമർശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നൽകണം’ എന്ന കാൾ ലഫ്രനൈസിന്റെ പോസ്റ്റിന് താഴെ സുപ്രിയ മേനോൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് സിനിമാമേഖലയിൽ നിന്നുള്ള ഈ പിന്തുണ. മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് കുടിയേറുകയും ചെയ്യുന്ന സമൂഹം പൊതുവേദിയിലെ ഇംഗ്ലീഷ് ഉപയോഗത്തെ മാത്രം ധാർഷ്ട്യമായി കാണുന്നത് ഇരട്ടത്താപ്പാണെന്ന നിലപാടാണ് സുപ്രിയയും പങ്കുവെച്ചിരുന്നത്.
