Home » Blog » Kerala » വാഹനം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കണോ? സ്കൂട്ടർ പരിപാലനത്തിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ
3i4i3ilo_top-6-scooters-to-look-for-in-the-used-twowheeler-market_625x300_19_May_21

ദൈനംദിന യാത്രകൾക്ക് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഇരുചക്രവാഹനങ്ങളിലൊന്നാണ് സ്കൂട്ടർ. രാജ്യത്തെ ഇരുചക്രവാഹന വിപണിയിൽ ഏകദേശം 30 മുതൽ 39 ശതമാനം വരെ പങ്ക് സ്കൂട്ടറുകൾക്കാണ്. ശരാശരി 15 മുതൽ 25 കോടി ആളുകൾ ഐസി എൻജിൻ സ്കൂട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 81 ലക്ഷം സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. സ്ത്രീകൾ കൂടുതലായി ആശ്രയിക്കുന്ന വാഹനമെന്ന പ്രത്യേകതയ്ക്കൊപ്പം, നഗരത്തിലെ എവിടെയും എളുപ്പത്തിൽ കൊണ്ടുപോകാനും പാർക്ക് ചെയ്യാനും സാധനങ്ങൾ കൊണ്ടുപോകാനും കഴിയുന്നതാണ് സ്കൂട്ടറുകളെ ജനപ്രിയമാക്കുന്നത്. എന്നാൽ കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ ഏത് വാഹനത്തിന്റെയും പ്രവർത്തനക്ഷമത കുറയും. കൃത്യമായി പരിപാലിച്ചാൽ അധിക ചെലവില്ലാതെ സ്കൂട്ടർ വർഷങ്ങളോളം ഉപയോഗിക്കാം.

 

മൂന്നോ നാലോ മാസം കൂടുമ്പോൾ സ്കൂട്ടർ നിർബന്ധമായും സർവീസ് ചെയ്യണം. ടയറിന്റെ കണ്ടീഷൻ, ബാറ്ററി, സ്വിച്ചുകൾ എന്നിവയും പരിശോധിക്കണം. രാവിലെ ചോക്ക് വലിച്ചശേഷം എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതാണ് എൻജിന്റെ ആരോഗ്യത്തിന് നല്ലത്. ഉടൻ ആക്സിലറേഷൻ നൽകാതെ കുറച്ചുനേരം ഐഡിലിങ്ങിൽ നിർത്തണം. എൻജിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓയിൽ സർക്കുലേറ്റ് ചെയ്യുന്നതിനാണ് ഇത്. ബൈക്കിനെക്കാൾ കൂടുതൽ കേബിളുകൾ സ്കൂട്ടറിലുണ്ടാകുന്നതിനാൽ അവയെല്ലാം ലൂബ്രിക്കേറ്റ് ചെയ്യുകയും തകരാറുള്ളവ മാറ്റുകയും വേണം. ബ്രേക്ക് ചെയ്യുമ്പോൾ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ബ്രേക്ക് ഷൂവിൽ ഈർപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. സർവീസിന് നൽകുമ്പോൾ ബ്രേക്ക് ഷൂ അഴിച്ച് വൃത്തിയാക്കാൻ പറയണം. തേയ്മാനം ഉണ്ടായിട്ടുണ്ടെങ്കിൽ മാറ്റുകയും വേണം.

 

ബ്രേക്ക് അമിതമായി ടൈറ്റ് ചെയ്ത് വയ്ക്കുന്ന പതിവും ഒഴിവാക്കണം. നനഞ്ഞ റോഡിൽ ബ്രേക്ക് ചെയ്യുമ്പോൾ ഇത് ശരിയായ പിടിത്തം ലഭിക്കാതിരിക്കാനും വാഹനം തെന്നിപ്പോകാനും കാരണമാകാം. മഴക്കാലത്ത് പാർക്കിങ്ങിലും ശ്രദ്ധ വേണം. നനഞ്ഞുകുതിർന്ന സ്ഥലത്ത് സൈഡ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത് വാഹനം വീഴാൻ ഇടയാക്കുന്നതിനാൽ സാധിക്കുമെങ്കിൽ സെൻട്രൽ സ്റ്റാൻഡിൽ തന്നെ പാർക്ക് ചെയ്യണം. പോർച്ചിൽ നിർത്തുന്നതാണ് നല്ലത്. മഴ നനയുന്ന സ്ഥലത്താണ് പാർക്ക് ചെയ്യുന്നതെങ്കിൽ കവർ ഉപയോഗിച്ച് മൂടണം. വാഹനത്തിൽ തുണിയോ വേസ്റ്റ് കോട്ടണോ സൂക്ഷിക്കുന്നവർ അവ നനഞ്ഞാൽ ഉടൻ മാറ്റണം. അല്ലെങ്കിൽ ഈർപ്പം കയറി വാഹനത്തിന്റെ ഭാഗങ്ങളിൽ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ട്.

 

കിക്കർ ലിവറും ഫുട് റെസ്റ്റും ലൂബ് ചെയ്യാനും മറക്കരുത്. എയർ ഫിൽറ്റർ, സ്പാർക്ക് പ്ലഗ് എന്നിവയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ മാറ്റണം. ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, പാർക്ക്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നും ഇലക്ട്രിക് സിസ്റ്റത്തിൽ ഷോർട്ട് സർക്യൂട്ട് ഇല്ലെന്നും ഉറപ്പാക്കണം. ബ്രേക്ക് ഷൂവിന് തകരാറുണ്ടെങ്കിൽ മാറ്റണം. ഡിസ്ക് ബ്രേക്ക് ഉള്ള മോഡലുകളിൽ ഡിസ്കിന് തേയ്മാനം ഉണ്ടോയെന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റുകയും ബ്രേക്ക് ഫ്ലൂയിഡ് ടോപ് അപ് ചെയ്യുകയും വേണം. മഴക്കാലത്ത് നല്ല ട്രെഡ് ഉള്ള ടയറുകൾ ഉപയോഗിക്കുന്നതും നിർണായകമാണ്. ഉരഞ്ഞുതീർന്ന ടയറുകൾ വേഗത്തിൽ മാറ്റിയാൽ അപകടസാധ്യത കുറയ്ക്കാനും സ്കൂട്ടറിന്റെ സുരക്ഷയും ആയുസ്സും നിലനിർത്താനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *