Home » Blog » Kerala » 3.28 കോടി രൂപ പിണറായി വിജയൻ കൈപ്പറ്റി, വീണ വഴി വാങ്ങിയ പണം ദുബായിലേക്ക് കടത്തിയതിൽ റിയാസിനും പങ്കുണ്ട് ; പണമിടപാടുകൾ നടത്താൻ എക്‌സാലോജിക് സൊലൂഷൻസ് കമ്പനിയെ ഉപയോ​ഗിച്ചു – ഇ‍.ഡി. റിപ്പോർട്ട്
20

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. സി.എം.ആർ.എൽ. മുൻ സി.എഫ്.ഒ.യും ജനറൽ മാനേജറുമായിരുന്ന പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ട്. ഈ പണം വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നതായി വ്യക്തമാക്കുന്നു.

മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെ പണം വിദേശത്തേക്ക് മാറ്റാൻ ഇടപെട്ടതായും ഇ.ഡി. ആരോപിക്കുന്നു. കൈക്കൂലി പണം ശേഖരിക്കുന്നതിലും വഴിതിരിച്ചുവിടുന്നതിലും പിണറായി വിജയനെയും റിയാസിനെയും വീണ സഹായിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. പണമിടപാടുകൾ വഴിതിരിച്ചുവിടാൻ എക്‌സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനത്തെ ഉപയോഗിച്ചെന്നും ഇ.ഡി. കണ്ടെത്തിയതായാണ് വിവരം.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ, സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത, മുൻ സി.എഫ്.ഒ. പി. സുരേഷ് കുമാർ എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി.സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. റിപ്പോർട്ടും തെളിവുകളും ഡി.ജി.പിക്ക് കൈമാറിയത്.

കൈക്കൂലി പണം കൈമാറ്റം ചെയ്യുന്നതിനായി എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിച്ചെന്നും ഇ.ഡി. ആരോപിക്കുന്നു. നിഖിൽ, വാരിസ്, ഫൈജാസ്, നന്ദുലാൽ, ഷൈജൽ എന്നിവരടക്കമുള്ളവർ പണം ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സഹായിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

സി.എം.ആർ.എൽ.–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇ.ഡി. അന്വേഷണം നടത്തിയിരുന്നു. എക്‌സാലോജിക്കിന് നൽകിയ പണം യഥാർഥ സേവനങ്ങൾക്ക് ലഭിച്ച പ്രതിഫലമല്ലെന്നും, കമ്പനിക്ക് ആവശ്യമായ സാങ്കേതിക ശേഷിയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം, ഇ.ഡിയുടെ ആരോപണങ്ങൾ കേസിൽ അന്തിമമായി തെളിയിച്ച വസ്തുതകളല്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് തുടർനടപടികൾ സ്വീകരിക്കേണ്ട ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *