
മലയാളികളുടെ ആഘോഷ രാവുകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ‘നരൻ’ സിനിമയിലെ ‘വേൽ മുരുകാ’ എന്ന ഗാനം. മോഹൻലാലിന്റെ തകർപ്പൻ ഡാൻസും കാവടി സ്റ്റെപ്പുകളുമാണ് പാട്ടിനെ ഇത്രയധികം ജനപ്രിയമാക്കിയത്. എന്നാൽ ഈ ഗാനത്തിന്റെ ചിത്രീകരണത്തിന് പിന്നിൽ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ.
‘വേൽ മുരുകാ’ എന്ന പാട്ട് തനിക്ക് വലിയൊരു ചാലഞ്ച് ആയിരുന്നുവെന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ പൂക്കാവടിയും മറ്റും കണ്ട്, ഇത് ചെയ്തുകൂട്ടിയിരുന്നെങ്കിൽ ‘നരസിംഹം’ സിനിമയിലെ പാട്ട് പോലെയായി മാറിയേനെ എന്ന് തോന്നി. ഇതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് സംവിധായകൻ ജോഷിയെ സമീപിച്ചത്. തന്റെ ആശങ്ക മനസ്സിലാക്കിയ ജോഷി ചേട്ടൻ സ്വന്തം നിലയിൽ ചിന്തിച്ച് ചെയ്യാൻ അനുവാദം നൽകി.
തുടർന്ന് തമിഴ്നാട്ടിലെ ഘോഷയാത്രകളിൽ ഊരിന്റെ രക്ഷകനായി അരിവാളുമേന്തി മുന്നിൽ നടക്കുന്നവരുടെ മാതൃക ഈ ഗാനത്തിൽ പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ലാൽ സാറിനും ഈ ഐഡിയ പൂർണ്ണമായി ബോധിച്ചു. പാട്ടിലെ എല്ലാ സ്റ്റെപ്പുകളും ലാൽ സാറിന്റെ ബോഡി ലാംഗ്വേജ് മാത്രം മുൻനിർത്തി സ്പോട്ടിൽ ചെയ്തതാണ്. പൂർണ്ണമായും ഒരു പരീക്ഷണമായിരുന്നു ആ ഗാനമെന്നും, പാട്ട് പരാജയപ്പെട്ടിരുന്നെങ്കിൽ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ തന്നെ കൊന്നേനെ എന്ന് തമാശ രൂപേണ പ്രസന്ന മാസ്റ്റർ കൂട്ടിച്ചേർത്തു. അഞ്ചര മിനിറ്റോളം നീണ്ട പാട്ട് പിന്നീട് ആവശ്യാനുസരണം ട്രിം ചെയ്യുകയായിരുന്നു.
