
യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബർ മൂന്ന് മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. തെക്കൻ കാറ്റും പൊടിക്കാറ്റും കാരണം ചില സമയങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെങ്കിലും, തുടർന്നെത്തുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് താപനിലയിൽ ആശ്വാസകരമായ കുറവുണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, വരാനിരിക്കുന്ന ശൈത്യകാലത്ത് ‘എൽ നിനോ’ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രത്യേക കാലാവസ്ഥാ സ്ഥിതി 2026 അവസാനം വരെ തുടർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ദിവസങ്ങളിലായി രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്കുശേഷം മഴമേഘങ്ങൾ രൂപപ്പെടാനും ഇടയ്ക്കിടെ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ തീരദേശങ്ങളിലും ഉൾനാടൻ മേഖലകളിലും രാവിലെ ഈർപ്പമുള്ള അന്തരീക്ഷവും മഞ്ഞും അനുഭവപ്പെടാൻ ഇടയുണ്ട്. തീരദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും, ഉൾനാടുകളിൽ 48 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. ചില ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
