
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണിവരെയുള്ള പീക്ക് സമയങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും മഴ കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
