Home » Blog » Kerala » വയോധികയ്ക്ക് വിജയ്‌ നല്‍കിയത് വില പിടിച്ച ഡിയോർ സൺഗ്ലാസ്
vijay

ഇത്രയധികം ജനപ്രിയനായ മുഖ്യമന്ത്രിയെ തമിഴ്നാട് ഇതുവരെ കണ്ടിരിക്കില്ല. വാഗ്ദാനങ്ങള്‍ പറയുക മാത്രമല്ല അതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുക കൂടിയാണ് വിജയ്‌ ചെയ്യുന്നത്. എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചര്‍ ഭേദമില്ലാതെ എല്ലാ കെഎസ്ആര്‍ടിസി ബസിലും സ്ത്രീകള്‍ക്ക് സൗജന്യയാത്രയാണ് വിജയ്‌ നടപ്പിലാക്കിയത്. ഇത് മാത്രമല്ല ആനുകൂല്യങ്ങളുടെ പെരുമഴ തന്നെയാണ് തമിഴ്നാട്ടില്‍ വിജയ്‌ നടപ്പിലാക്കുന്നത്. ഇതുവരെ ഭരണം നടത്തിയ എഐഎഡിഎംകെ, ഡിഎംകെ കക്ഷികള്‍ വിജയ്യുടെ ഭരണം കണ്ട് അന്തംവിട്ടിരിക്കുന്ന അവസ്ഥയിലാണ്. ഇപ്പോള്‍ വിജയ്‌ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്.

കര്‍ഷക സ്ത്രീയായ വയോധികയ്ക്ക് തന്റെ വിലപിടിച്ച സൺഗ്ലാസ് ആണ് വിജയ്‌ നല്‍കിയത്. സേലത്ത് വെച്ചായിരുന്നു സംഭവം. ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ 40000 രൂപയുടെ സൺഗ്ലാസാണ് വിജയ്‌ വയോധികയ്ക്ക് നല്‍കിയത്. വിജയ് വയോധികയ്ക്ക് കണ്ണട സമ്മാനിച്ചതിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. കാവേരി ഡെൽറ്റയിലെ സാംബ നെൽ കൃഷിക്കായി വെള്ളം തുറന്നുവിടാൻ മേട്ടൂർ ഡാമിന്റെ ഷട്ടർ ഉയർത്താനായാണ് ഇന്നലെ വിജയ് സേലത്തെത്തിയത്.

മേട്ടൂരിലെ ജലവൈദ്യുതപദ്ധതി സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ അപ്രതീക്ഷിതമായി വിജയ് വാഹനം നിർത്തി. വയലിൽ ജോലി ചെയ്യുകയായിരുന്ന പ്രായമുള്ള സ്ത്രീകളെ കണ്ടാണ് അദ്ദേഹം വാഹനം നിർത്തിയത്. വിജയ് അവരുമായി സംസാരിച്ചു. അതിനിടെയാണ് ചെല്ലം എന്ന സ്ത്രീ മുന്നോട്ടുവന്ന് മുഖ്യമന്ത്രിയുടെ കൈയിൽ പിടിച്ചത്. വിജയ് അവരുമായി സംസാരിക്കുകയും കൈപിടിച്ചുകൊണ്ട് തന്നെ പൂന്തോട്ടത്തിലൂടെ നടക്കുകയും ചെയ്തു. അതിനിടെയാണ് തന്റെ സൺഗ്ലാസ് അവർക്ക് സമ്മാനിച്ചത്. അത് വാങ്ങാൻ സ്ത്രീ മടിച്ചെങ്കിലും വിജയ് തന്നെ കണ്ണട അവരുടെ കണ്ണിൽ വെച്ച് കൊടുക്കുകയായിരുന്നു.

‘എനിക്ക് ഭയങ്കര സന്തോഷമായി. സിനിമയിൽ കാണുന്നത് പോലെ തന്നെയാണ് അദ്ദേഹത്തെ നേരിട്ട് കാണാനും. .താന്‍ ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. കാരണം, അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുകയായിരുന്നു ഞാൻ.’ -ചെല്ലം പറഞ്ഞു. തന്നോട് പോയി ഭക്ഷണം കഴിക്കാൻ അദ്ദേഹം നിർബന്ധിച്ചുവെന്നും ചെല്ലം പറഞ്ഞു. 15 മിനിറ്റോളം സമയമാണ് വിജയ് അവിടെ ചെലവഴിച്ചത്. അതിനിടെ സാരികളും മുണ്ടുകളുമെല്ലാം അവര്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. എന്തായാലും തമിഴ്നാട് കണ്ട ഏറ്റവും വ്യത്യസ്തനായ മുഖ്യമന്ത്രിയായാണ്‌ വിജയ്‌ മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *