
വാഷിങ്ടൺ: ഇറാനെതിരായ സൈനികാക്രമണം കൂടുതൽ ശക്തമാക്കി അമേരിക്ക. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് അമേരിക്കൻ സേന രാത്രിയിലും ആക്രമണം തുടർന്നു. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കും മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കുമെതിരെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തിയതായി അമേരിക്ക ആരോപിക്കുന്ന ആക്രമണങ്ങളുടെ മറുപടിയായാണ് പുതിയ വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.
തെക്കൻ ഇറാനിലെ സിറിക് മേഖലയിലെ സിറിക് നഗരത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന വീടിന് സമീപം അമേരിക്കൻ മിസൈൽ ആക്രമണത്തിൽ നിന്നുള്ള ചീളുകൾ പതിച്ച് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ 50ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
അതേസമയം, അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ തിരിച്ചടിയെന്നോണം ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ചെങ്കടലിന് സമീപത്തെ ജോർദാനിയൻ നഗരമായ അഖാബയിൽ യുഎസ് കേന്ദ്രങ്ങളും ഇറാൻ ആക്രമിച്ചു. ഒട്ടേറെ യുഎസ് സൈനികരെ വധിച്ചുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
നേരിട്ടുള്ള അമേരിക്കൻ ബോംബാക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമേനി, അമേരിക്കയ്ക്ക് മറക്കാനാവാത്ത പാഠങ്ങൾ നൽകാൻ ഇറാൻ സായുധ സേന തയ്യാറാണെന്ന് വ്യക്തമാക്കി. പുതിയ അമേരിക്കൻ ആക്രമണങ്ങളിൽ വാഷിങ്ടൺ പശ്ചാത്തപിക്കേണ്ടിവരും എന്നും ആക്രമണകാരികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണെന്നും IRGC വക്താവ് ഹൊസൈൻ മൊഹെബി എക്സിൽ കുറിച്ചു.
