
ബെംഗളൂരു: വിവാഹബന്ധത്തിന് ഇനി അർഥവും പ്രസക്തിയുമില്ലെന്നും ബന്ധം പൂർണമായും മരിച്ച നിലയിലാണെന്നും കോടതിയെ അറിയിച്ച ബെംഗളൂരുവിലെ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് കർണാടക ഹൈക്കോടതി. ഭാര്യയ്ക്ക് ജീവനാംശമായി 25 ലക്ഷം രൂപ നൽകാനും ഭർത്താവിനോട് കോടതി നിർദേശിച്ചു. ഈ തുക അഞ്ച് തുല്യ ഗഡുക്കളായി 5 ലക്ഷം രൂപ വീതം നൽകണമെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസുമാരായ ഡി.കെ. സിങ്ങും ടി.എം. നദാഫും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2021 ഡിസംബറിൽ കുടുംബ കോടതി അനുവദിച്ച വിവാഹമോചനത്തിനെതിരെ ഭാര്യ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹബന്ധം തുടരുന്നതിൽ ഇനി യാതൊരു അർഥവുമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചതായി ഓഗസ്റ്റ് 27ലെ ഉത്തരവിൽ പറയുന്നു. “വിവാഹത്തിന് അതിന്റെ പ്രാധാന്യവും ഫലപ്രാപ്തിയും നഷ്ടപ്പെട്ടു. ഇരുവരും തമ്മിലുള്ള ബന്ധം മരിച്ച നിലയിലാണ്. ഇനി ഒന്നും അവശേഷിക്കുന്നില്ല. വിവാഹബന്ധം തുടരുന്നതിൽ യാതൊരു ലക്ഷ്യമോ അർഥമോ ഇല്ല,” എന്ന നിലപാടാണ് ഇരുവരും കോടതിയിൽ സ്വീകരിച്ചത്. വിവാഹത്തിൽ മക്കളില്ലെന്ന കാര്യവും കോടതി പരിഗണിച്ചു.
അതേസമയം ഇരുകുടുംബങ്ങളിലെയും മുതിർന്നവരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ 2013 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹത്തിന്റെ തുടക്കം മുതൽ തന്നെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. വിവാഹം കഴിഞ്ഞ ആദ്യരാത്രി മുതൽ ഭാര്യ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാൻ താൽപര്യം കാണിച്ചിരുന്നില്ലെന്നും ഇതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തുവെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു. പിന്നീട് പ്രശ്നങ്ങൾ രൂക്ഷമായതോടെ 2016 മേയ് മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. തുടർന്ന് ഭാര്യ ഇ-മെയിൽ വഴി തന്നെ സമീപിക്കുകയും പരസ്പര സമ്മതത്തോടെ വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തതായി ഭർത്താവ് അവകാശപ്പെട്ടു. സ്ഥിരം ജീവനാംശം ആവശ്യപ്പെടാതെയായിരുന്നു വിവാഹമോചനത്തിന് സമ്മതം തേടിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഭർത്താവിന്റെ കുടുംബം ജാതിയുടെ പേരിൽ തന്നെ വിവാഹശേഷം വേർതിരിച്ചാണ് പെരുമാറിയതെന്നാണ് ഭാര്യയുടെ ആരോപണം. താൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ ഭർത്താവിന്റെ മാതാപിതാക്കൾ വിവാഹത്തിന് എതിരായിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു. ജാതി വ്യത്യാസം കാരണം ഭർത്താവിന്റെ പിതാവ് തന്റെ കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിച്ചെന്നും താൻ പാചകം ചെയ്ത ഭക്ഷണം പോലും ഭർതൃ വീട്ടുകാർ കഴിച്ചിരുന്നില്ലെന്നും ഭാര്യ ആരോപിച്ചു.
വിവാഹസമയത്ത് ഭർത്താവിന് പ്രതിമാസം 20,000 രൂപയായിരുന്നു വരുമാനമെന്നും ഭാര്യയുടെ ഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഭാര്യ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നെന്നും ഏകദേശം ഒരു ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നെന്നും ഭർത്താവ് അവകാശപ്പെട്ടു. അതിനാൽ വിവാഹസമയത്ത് ഭാര്യയുടെ വരുമാനം തനിക്കുള്ളതിനേക്കാൾ കൂടുതലായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. 2021ൽ കുടുംബ കോടതി ഭർത്താവിന്റെ ഹർജി അനുവദിച്ച് വിവാഹമോചനത്തിന് ഉത്തരവിട്ടു. ഇതിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാനുള്ള ശ്രമവും നടന്നു. ഏറെ ആലോചിച്ച ശേഷം ഭാര്യയ്ക്ക് സ്ഥിരം ജീവനാംശമായി 15 ലക്ഷം രൂപ നൽകാൻ ഭർത്താവ് തയ്യാറായതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്ന് പ്രതിമാസ ഗഡുക്കളായി തുക നൽകാമെന്നായിരുന്നു നിർദേശം. എന്നാൽ, ഭാര്യ 40 ലക്ഷം രൂപ എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ പരിഗണിച്ച കോടതി ഒടുവിൽ 25 ലക്ഷം രൂപ സ്ഥിരം ജീവനാംശമായി നൽകാൻ ഭർത്താവിനോട് നിർദേശിക്കുകയായിരുന്നു. സെപ്റ്റംബർ മുതൽ അഞ്ച് തുല്യ ഗഡുക്കളായി 5 ലക്ഷം രൂപ വീതം തുക നൽകണം. കോടതി നിർദേശിച്ച തുക നൽകുന്നതിൽ ഭർത്താവ് വീഴ്ച വരുത്തിയാൽ, തുക ഈടാക്കുന്നതിനായി കോടതി ഉത്തരവ് നടപ്പാക്കാൻ ഭാര്യയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് വിവാഹമോചനവും സ്ഥിരം ജീവനാംശവും സംബന്ധിച്ച ധാരണയുടെ അടിസ്ഥാനത്തിൽ പരസ്പരം നൽകിയിട്ടുള്ള കേസുകൾ പിൻവലിക്കുമെന്നും ദമ്പതികൾ കോടതിയെ അറിയിച്ചിരുന്നു. ഇതും രേഖപ്പെടുത്തിയ ശേഷമാണ് ഹൈക്കോടതി അപ്പീൽ തീർപ്പാക്കിയത്.
