Home » Blog » Kerala » “ഡോക്ടർ രോഗിയോട് പെരുമാറിയ രീതി ശരിയായില്ല, ഇവരെ ഉടൻ സ്ഥലം മാറ്റണം ; തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികള്‍ നല്‍കരുത്” – ഡോ. രേഖ കൃഷ്‌ണനെതിരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡിഎംഒ
3

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സയ്‌ക്കെത്തിയ രോഗിയോട് ഡോ. രേഖ കൃഷ്ണൻ പെരുമാറിയ രീതി ശരിയായില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനാൽ ഇവരെ ഉടൻ സ്ഥലം മാറ്റണമെന്നും ഹെൽത്ത് സർവീസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഡിഎംഒ ശുപാർശ ചെയ്യുന്നു. ഡോക്ടർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം ശുപാർശ ചെയ്യുന്നുണ്ട്.

സംഭവത്തിൽ ഡി.എച്ച്.എസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകും. ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയതിന് പിന്നാലെ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പനിയും ശരീരം വേദനയും എമർജൻസിയല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *