
ഡൽഹിയിലെ സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ, ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി ഡൽഹി സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി നഗരത്തിലെ ബസുകളിൽ കർട്ടനുകൾ ഇടുന്നതും ജനലുകളിൽ അനധികൃത സൺ ഫിലിമുകൾ ഒട്ടിക്കുന്നതും പൂർണ്ണമായി നിരോധിച്ചു. ബസുകൾക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുറത്തറിയാതിരിക്കാൻ ഇത്തരം മറകൾ സഹായിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഗതാഗത വകുപ്പിന്റെ ഈ നിർണായക നടപടി.
പുതിയ ഉത്തരവ് പ്രകാരം ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ പ്രാദേശിക ബസുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സ്ലീപ്പർ ബസുകൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ബസുകളിലെ പാനിക് ബട്ടണുകളും ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങളും എപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണം. യാത്രക്കാർക്ക് പെട്ടെന്ന് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കണം പാനിക് ബട്ടണുകൾ സജ്ജീകരിക്കേണ്ടത്. കൂടാതെ, ബസുകളിൽ നിർബന്ധിത ഫയർ എക്സ്റ്റിംഗിഷറുകളും ഫസ്റ്റ് എയ്ഡ് കിറ്റുകളും സജ്ജമാക്കിയിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 4-ന് രാത്രി ഗ്രേറ്റർ നോയിഡയിൽ നിന്ന് കയറിയ പെൺകുട്ടിയാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. ജനലുകളിൽ കർട്ടനുകൾ ഇട്ടിരുന്നതിനാൽ പുറത്തുനിന്നുള്ള കാഴ്ച പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. മാത്രമല്ല, നിർഭയ കേസിന് ശേഷം നിർബന്ധമാക്കിയ സിസിടിവി ക്യാമറകളും ഈ ബസിൽ പ്രവർത്തിച്ചിരുന്നില്ല. ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ, രാത്രിയിലോ സർവീസ് ഇല്ലാത്തപ്പോഴോ ബസുകൾ സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ എന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
