
റെയിൽവേ വളപ്പിലോ ട്രെയിനുകളിലോ മദ്യലഹരിയിൽ കാണപ്പെടുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കാനുള്ള നിയമപരമായ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇത്തരക്കാരെ പുറത്താക്കാനും ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന 1989-ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ.എൻ. ശാസ്ത്രി നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. സഹയാത്രക്കാരുടെ സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കാൻ ഇത്തരം നിയമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു.
മദ്യപിച്ച അവസ്ഥ എന്നതിന് കൃത്യമായ നിർവചനമില്ലെന്നും റെയിൽവേ പൊലീസിന് ഇത് അനിയന്ത്രിതമായ അധികാരം നൽകുമെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ യാത്രക്കാരുടെ പെരുമാറ്റം, ശാരീരിക ലക്ഷണങ്ങൾ, ബ്രെത്ത് അനലൈസർ പരിശോധന, തുടർന്ന് ആവശ്യമെങ്കിൽ മെഡിക്കൽ പരിശോധന എന്നിവയിലൂടെ മദ്യപാനം വ്യക്തമാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. യാത്രാവേളകളിൽ രക്തപരിശോധന അടിയന്തരമായി നടത്തുന്നത് അപ്രായോഗികമായതിനാൽ, റെയിൽവേ ബോർഡിന്റെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ (Security Circular No. 02/2023) പാലിച്ച് പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കുന്നത് പൂർണമായും ന്യായമാണ്.
ഒരു നിയമം നടപ്പിലാക്കുന്നതിലെ ആശങ്കകളുടെ പേരിൽമാത്രം അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഈ അധികാരം ദുരുപയോഗം ചെയ്യുകയാണെങ്കിൽ നിയമപരമായി അതിനെതിരെ കോടതിയെ സമീപിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ടെന്നും വിധിയിൽ ഓർമ്മിപ്പിച്ചു. പൊതുസ്ഥലങ്ങളിലെയും ട്രെയിനുകളിലെയും യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി പുറപ്പെടുവിച്ച ഈ സുപ്രധാന വിധി വലിയതോതിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
