ഇസ്ലാമാബാദ്: ആരോഗ്യ പരിശോധനയ്ക്കായി ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റിയ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും അഡിയാല ജയിലിലേക്ക് മാറ്റി. പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (PTI) വക്താവാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും മെഡിക്കലി അദ്ദേഹം ഫിറ്റാണെന്ന് ഡോക്ടർമാർ അറിയിച്ചതായും പാക് ഇൻഫർമേഷൻ മന്ത്രി അത്താഉള്ള തരാർ പറഞ്ഞു.
അതേസമയം, വിവരങ്ങൾ അറിയിക്കുന്നതിനിടെ ഇമ്രാൻ ഖാന്റെ പേരോ ആശുപത്രിയുടെ പേരോ പാക് മന്ത്രി പ്രസ്താവനയിൽ പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ‘സുപ്രീം കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ, ഓഗസ്റ്റ് 20നും 21നും ഇടയിലുള്ള രാത്രിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ തടവുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു നേത്രരോഗ വിദഗ്ദ്ധൻ, ഒരു കാർഡിയോളജിസ്റ്റ്, ഒരു ഫിസിഷ്യൻ എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ വിശദമായി പരിശോധിക്കുകയും അദ്ദേഹം ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു’ – പാക് ഇൻഫർമേഷൻ മന്ത്രി എക്സിൽ കുറിച്ചു. അതുപോലെ മെഡിക്കൽ പരിശോധനയും ചികിത്സാ നടപടികളും നടക്കുമ്പോൾ ഇമ്രാന്റെ സഹോദരി ഉസ്മ ഖാൻ സന്നിഹിതയായിരുന്നുവെന്ന് പാക് മന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ വിശദമായ പരിശോധനകൾക്ക് വിധേയനായ ഇമ്രാൻ ഖാനെ ജയിലിൽ തുടരുന്നത് സുരക്ഷിതമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയതിനെ തുടർന്നാണ് തിരിച്ചയച്ചതെന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 73കാരനായ ഇമ്രാൻ ഖാനെ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടെ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി.
