ആംസ്റ്റർവീൻ: ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ ആറ് ഗോളിന് വിജയിച്ച ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി. ഇനി ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ സമനില നേടിയാൽ ഇന്ത്യക്ക് രണ്ടാം റൗണ്ടിലെത്താം.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. 1974-ൽ സ്പെയ്നിനെതിരെ നേടിയ 4-1ന്റെ വിജയമായിരുന്നു ഇതിന് മുമ്പ് റെക്കോർഡ് പുസ്തകത്തിലുണ്ടായിരുന്നത്. നേരത്തെ പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ സമനിലയിൽ പിടിച്ചിരുന്നു.
കളി തുടങ്ങി 11-ാം മിനിറ്റിൽ തന്നെ സുനെലിത ടോപ്പോയിലൂടെ ഇന്ത്യ ലീഡെടുത്തു. പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച നവ്നീത് കൗറിന്റേതായിരുന്നു അടുത്ത ഊഴം. 25-ാം മിനിറ്റിൽ സുശീല ചാനുവിലൂടെ 3-0ത്തിന്റെ ലീഡെടുത്തു. 38-ാം മിനിറ്റിൽ ദീപികയുടെ ഫീൽഡ് ഗോൾ. പിന്നാലെ ലാൽറെംസിയാമിയും സാക്ഷി റാണയും വല കുലുക്കി. ഇതോടെ ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയായി. 55-ാം മിനിറ്റിൽ കയ്ല ഡി വാൾ ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
നേരത്തെ പൂൾ ഡിയിലെ മറ്റൊരു മത്സരത്തിൽ ചൈന ഇംഗ്ലണ്ടിനെ 4-2ന് തോൽപ്പിച്ചിരുന്നു. ഇതോടെ ചൈന രണ്ടാം സ്ഥാനം നിലനിർത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ഇംഗ്ലണ്ട് മൂന്നാമതാണ്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.
