വലിയ വാർത്താപ്രാധാന്യം നേടിയ കരുവാറ്റ കൊലപാതക കേസിൽ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കൃത്യത്തിന് മുൻപ് ശിവൻകുട്ടി അതിക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയ്ക്കേറ്റ ശക്തമായ അടിയെ തുടർന്ന് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവവും തുടർന്നുള്ള ശ്വാസംമുട്ടിക്കലുമാണ് മരണകാരണം. താടിയെല്ലിന് മുകളിലായി ആഴത്തിലുള്ള പരിക്കുകളുമുണ്ട്. കൊല്ലത്ത് നിന്ന് ട്രെയിൻ മാർഗ്ഗമെത്തിയ പ്രതികൾ വീടിന്റെ ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് അകത്തുകടന്നത്. തുടർന്ന് ശബ്ദം കേട്ടെത്തിയ ശിവൻകുട്ടിയെ ആക്രമിക്കുകയായിരുന്നു.
ബന്ധുവായ 13-കാരി തന്നെയാണ് കേസിൽ മുഖ്യസൂത്രധാരയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് സ്വന്തമാക്കാനുമാണ് ആറ് പവൻ സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പ്ലാൻ ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും സ്വർണ്ണവും പണവും എവിടെയെന്ന് വിവരം നൽകിയതും ഈ പെൺകുട്ടിയാണ്. കൊലപ്പെടുത്താൻ നേരിട്ട് നിർദ്ദേശം നൽകിയതും കൃത്യം നടക്കുമ്പോൾ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കണ്ട് ഉറപ്പുവരുത്തിയതും എട്ടാം ക്ലാസുകാരിയാണെന്ന് പോലീസ് കണ്ടെത്തി.
കേസിൽ പ്രായപൂർത്തിയാകാത്ത 13-കാരി ഉൾപ്പെടെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും ആശുപത്രിയിലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ സംശയമാണ് കേസിലെ നിർണായക തിരിവായത്. ശിവൻകുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് വിവസ്ത്രനാക്കിയ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാൻ മുളകുപൊടി വിതറിയ നിലയിലുമായിരുന്നു. നിർണായകമായ ഈ അന്വേഷണത്തിലൂടെയാണ് കുട്ടികൾ ഉൾപ്പെട്ട ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
