ഇന്ത്യൻ ടെസ്റ്റ് ടീമിൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾ പ്രകടമാവുകയാണ്. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ആർ. അശ്വിനുമെല്ലാം കളമൊഴിഞ്ഞതോടെ യുവതാരങ്ങൾ മാത്രമുള്ള ഒരു പുതിയ ടീമാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്. നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ളത് 37 കാരനായ രവീന്ദ്ര ജഡേജയ്ക്കാണ്. ടീമിൽ പരിക്കുകൾ തിരിച്ചടിയായപ്പോഴാണ് ശ്രീലങ്കൻ പര്യടനത്തിലേക്കുള്ള ടീമിലേക്ക് ജഡേജയെ തിരികെ വിളിച്ചത്. പുതുനിരയെ പഴയ തലമുറയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയും അദ്ദേഹം തന്നെയാണ്. ഇതുവരെ 89 ടെസ്റ്റുകളിൽ നിന്നായി 348 വിക്കറ്റുകളും 4095 റൺസുമാണ് ജഡേജ സ്വന്തമാക്കിയിട്ടുള്ളത്.
ഇപ്പോഴിതാ, തന്റെ ബാറ്റിങ് ഓർഡറിൽ വന്ന മാറ്റങ്ങൾ തന്റെ പ്രകടനത്തെ എങ്ങനെ ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് രവീന്ദ്ര ജഡേജ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് കുറച്ചുകൂടി മുകളിലൊരു ബാറ്റിങ് ഓർഡർ ലഭിച്ചിരുന്നെങ്കിൽ കരിയറിലെ പ്രകടനം ഇതിലും മികച്ചതാക്കാമായിരുന്നു എന്നാണ് ജഡേജ വ്യക്തമാക്കുന്നത്. തന്റെ രഞ്ജി ട്രോഫി കരിയർ എടുത്തുനോക്കിയാൽ ബാറ്റിങ് ശരാശരി അറുപതിൽ കൂടുതലാണെന്നും, മൂന്ന് ട്രിപ്പിൾ സെഞ്ചുറികളും രണ്ട് ഇരട്ടശതമാനത്തിനു മുകളിലുള്ള സ്കോറുകളും തനിക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബാറ്റിങ് ഓർഡറിൽ കുറച്ചുകൂടി മുകളിൽ ഇറങ്ങിയിരുന്നെങ്കിൽ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാകുമായിരുന്നെന്ന് ജഡേജ വിശ്വസിക്കുന്നു. ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ടീമിനായി സംഭാവന ചെയ്യാൻ അധികമൊന്നും ബാക്കിയുണ്ടാകില്ലെന്നും, ടെസ്റ്റുകളിൽ പോലും ഏകദിന, ട്വന്റി-20 സാഹചര്യങ്ങൾ പോലെ അതിവേഗം കളിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചില സമയങ്ങളിൽ എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും, ആ സമയത്ത് പാഡുകൾ ധരിച്ച് ഡ്രസ്സിങ് റൂമിലിരിക്കുമ്പോൾ തൊട്ടടുത്ത് ഒരു പേസ് ബൗളർ അടുത്ത വിക്കറ്റിനായി തയ്യാറെടുക്കുന്നത് കാണുന്നത് മനോവീര്യവും ആത്മവിശ്വാസവും ഇല്ലാതാക്കുമെന്നും ജഡേജ കൂട്ടിച്ചേർത്തു.
