ന്യൂഡൽഹി: താൻ വന്ദേമാതരം പാടില്ലെന്നും എന്നാൽ അത് ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുമെന്നും കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. തന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന തനിക്ക് നൽകിയിട്ടുണ്ടെന്നും അത് ആർക്കും തട്ടിയെടുക്കാനാകില്ലെന്നും മസൂദ് പറഞ്ഞു. വന്ദേമാതരത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനിടെയാണ് മസൂദിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ്, അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ തനിക്ക് കഴിയില്ലെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും മസൂദ് പറഞ്ഞു. എന്നാൽ വന്ദേമാതരത്തെ അപമാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വന്ദേമാതരം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാമെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും മസൂദ് പ്രതികരിച്ചു. എന്നാൽ തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭരണഘടന അനുവദിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ താൻ പ്രവർത്തിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി
“എനിക്ക് അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കാൻ കഴിയില്ല. ഈ അവകാശം എനിക്ക് ഭരണഘടന നൽകിയിട്ടുണ്ട്. നിങ്ങൾക്ക് എന്നിൽ നിന്ന് ഈ അവകാശം തട്ടിയെടുക്കാൻ കഴിയില്ല. പക്ഷേ, ഞാൻ അതിനെ അപമാനിക്കില്ല (വന്ദേമാതരം). ഞാൻ അത് പാടില്ല, പക്ഷേ ഞാൻ അതിനായി എഴുന്നേൽക്കും…വന്ദേമാതരം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പ്രോത്സാഹിപ്പിക്കുക. ഇത് എനിക്ക് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ഞാൻ ആഗ്രഹിക്കുന്നത്ര മാത്രമേ ചെയ്യൂ, ഞാൻ അത് ചെയ്യും.” അതുപോലെ താൻ ഇതുവരെ വന്ദേമാതരം പാടിയിട്ടില്ലെന്നും ഭാവിയിലും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ വന്ദേമാതരത്തിന്റെ ചരിത്രം പൂർണമായി പഠിച്ചശേഷം വിഷയത്തിൽ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാനം എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് എഴുതിയത്, എന്തിനാണ് എഴുതിയത് തുടങ്ങിയ കാര്യങ്ങൾ ആദ്യം മനസിലാക്കണമെന്നും മസൂദ് പറഞ്ഞു.
