> ടീം ലോഞ്ചും ജേഴ്സി പ്രകാശനവും നിർവഹിച്ച് നടൻ നരേൻ
ആലപ്പുഴ: സംഗീതത്തിന്റെ താളവും ക്രിക്കറ്റിന്റെ ആവേശവും ഒന്നിച്ച സായാഹ്നത്തിൽ കെസിഎൽ മൂന്നാം സീസണിലേക്കുള്ള കാഹളം മുഴക്കി ആലപ്പി റിപ്പിൾസ്. പ്രശസ്ത മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരത്തിന്റെ ഗാനങ്ങളും ഡി.ജെ റിക്കി ബ്രൗണിന്റെ സംഗീതവും കൊഴുപ്പേകിയ ചടങ്ങിൽ ചലച്ചിത്ര താരം നരേൻ പുതിയ ജേഴ്സി പ്രകാശനവും ടീം ലോഞ്ചും നിർവഹിച്ചു. നാടിനെ ഒന്നാകെ ഉത്സവാന്തരീക്ഷത്തിലാക്കിയ വർണ്ണാഭമായ ലോഞ്ച് ആരാധകരുടെ മനം കവർന്നു. പാട്ടും താളവും ക്രിക്കറ്റ് ലഹരിയും ഒത്തുചേർന്നപ്പോൾ ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിലെ പ്രഖ്യാപന വേദി വലിയൊരു ആഘോഷരാവായി മാറി.
തീരദേശത്തിന്റെ ഊർജ്ജവും രാജകീയ പാരമ്പര്യവും ഒരുപോലെ അണിനിരത്തുന്നതായിരുന്നു ടീമിന്റെ ജേഴ്സി പ്രകാശനം. ഡാർക്ക് പർപ്പിൾ നിറത്തിൽ പൊന്നിൻ തിളക്കമുള്ള വരകളുള്ള ജേഴ്സിയാണ് ടീമിന്റേത്. ഈ നിറങ്ങൾ ആലപ്പിയുടെ കായികവീര്യത്തെയും പാരമ്പര്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. പർപ്പിൾ നിറം ക്രിക്കറ്റിലെ തീവ്രതയെയും രാജകീയ ഗാംഭീര്യത്തെയും സൂചിപ്പിക്കുമ്പോൾ, ഗോൾഡൻ നിറം കിരീട നേട്ടത്തിനായുള്ള ലക്ഷ്യത്തിന്റെയും ആധിപത്യത്തിന്റെയും പ്രതീകമാണ്. ആലപ്പിയുടെ ജലതരംഗങ്ങളെ ഓർമ്മിപ്പിക്കുന്ന ജേഴ്സിയിലെ വരകൾ, പടർന്നു പന്തലിക്കുന്ന ആവേശത്തിന്റെ പ്രതീകമാണ്. ഈ രാജകീയ ഗാംഭീര്യം കിരീട നേട്ടത്തിലേക്കുള്ള പാതയിൽ കളിക്കാർക്ക് പ്രചോദനമാകും. ടീമിന്റെ പോരാട്ടവീര്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച നടൻ നരേൻ, ആലപ്പി റിപ്പിൾസിന് മികച്ച മുന്നേറ്റം നടത്താനാകട്ടെ എന്ന് ആശംസിച്ചു. ചടങ്ങിൽ നരേനും ടീം ഉടമ ടി എസ് കലാധരനും ചേർന്ന് അലപ്പി റിപ്പിൾസ് ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരമായ സച്ചിൻ ബേബിയാണ് ടീമിനെ നയിക്കുന്നത്. മുഹമ്മദ് അസറുദ്ദീനാണ് വൈസ് ക്യാപ്റ്റൻ. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിൻ്റെ മുഖ്യപരിശീലകൻ. മുൻ താരം കെ. എസ് മോനിഷ്, ഫർസീൻ അഹമ്മദ് എന്നിവർ സഹപരിശീലകരായും ഒപ്പമുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള ഗബ്രിയേൽ ബെൻ കുര്യനാണ് ഫീൽഡിങ് കോച്ച്. രാജസ്ഥാൻ റോയൽസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ വിനീത് കുമാർ എന്നിവരാണ് ഇത്തവണ ആലപ്പിയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകരായി എത്തുന്നത്.
കെ.സി.എല്ലിന്റെ മൂന്നാം പതിപ്പിൽ ആലപ്പുഴയുടെ കായിക പാരമ്പര്യവും പെരുമയും ഉയർത്തിപ്പിടിക്കുന്ന മികച്ച പ്രകടനമായിരിക്കും ടീം പുറത്തെടുക്കുകയെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. മികച്ച സന്തുലിതാവസ്ഥയുള്ള ടീമാണ് ഇത്തവണ നമ്മുടേത്. ബാറ്റിങ്ങിലെ കരുത്തും പരിചയസമ്പന്നരായ കളിക്കാരുടെ സാന്നിധ്യവും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കെ.സി.എൽ കിരീടം ആലപ്പുഴയിലെത്തിക്കുക മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി.
ടീമംഗങ്ങൾ തമ്മിലുള്ള മികച്ച ഒത്തിണക്കവും പരസ്പര ധാരണയുമാണ് ഏറ്റവും വലിയ കരുത്തെന്ന് മുഖ്യപരിശീലകൻ നിഖിലേഷ് സുരേന്ദ്രൻ വ്യക്തമാക്കി. പരിശീലന ക്യാമ്പിലുടനീളം കളിക്കാർക്കിടയിൽ വലിയൊരു ആത്മബന്ധം വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സീനിയർ താരങ്ങളും യുവതാരങ്ങളും ഒരു കുടുംബം പോലെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഡ്രസ്സിങ് റൂമിലെ ‘ടീം സ്പിരിറ്റ്’ ഗ്രൗണ്ടിലെ പ്രകടനത്തിലും തീർച്ചയായും പ്രതിഫലിക്കും. ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയുന്ന രീതിയിൽ തയ്യാറെടുപ്പുകൾ ടീം പൂർത്തിയാക്കിക്കഴിഞ്ഞുവെന്നും ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തിറക്കാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയുടെ കായിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഒരു ടീമിനെ വാർത്തെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീം ഉടമ ടി. എസ്. കലാധരൻ പറഞ്ഞു. “കെ.സി.എൽ പോലൊരു വേദിയിൽ ആലപ്പുഴയുടെ അഭിമാനമായി റിപ്പിൾസ് മാറുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. ഈ രാജകീയ ഗാംഭീര്യം കിരീട നേട്ടത്തിലേക്കുള്ള പാതയിൽ കളിക്കാർക്ക് പ്രചോദനമാകും. ടീമിനും കളിക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉറപ്പാക്കിയിട്ടുണ്ട്. റേസ് റാഫേൽ ക്രിക്കറ്റ് അക്കാദമി, ആർ ജി ഗ്രൂപ്പ് , സി.എസ്.എസ് കിങ്സ്റ്റൺ, ടൈക, ഷെറിൽ, ഹാദി ഹോംസ്, ഹൈപ്പർഐസ് തുടങ്ങിയവരാണ് ടീമിന്റെ പ്രധാന സ്പോൺസർമാർ”.- അദ്ദേഹം വ്യക്തമാക്കി.
സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന എന്നിവരുൾപ്പെടുന്ന അതിശക്തമായ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിൾസിന്റേത്. സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ തുടങ്ങി ടൂർണമെന്റിലെ തന്നെ മികച്ച ഒരുപിടി ഓൾറൗണ്ടർമാരും ടീമിന് കരുത്തേകുന്നു. കഴിഞ്ഞ സീസണിൽ 12 വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ പരിചയസമ്പത്തിനൊപ്പം പവർപ്ലേയിലും ഡെത്ത് ഓവറുകളിലും തിളങ്ങുന്ന അജയഘോഷ്, അജിത് രാജ്, അഖിൽദേവ് തുടങ്ങിയവർ നയിക്കുന്ന ബൗളിംഗ് നിര ഏതൊരു ബാറ്റിങ് നിരയെയും തളയ്ക്കാൻ പ്രാപ്തമാക്കും.മുഖ്യ സ്പോൺസർമാരായ ആർ ജി ഗ്രൂപ്പ് ഉടമ നിള വിഷ്ണു, സി എസ് എസ് കിംഗ്സ്റ്റൺ തോമസ് മാത്യു എന്നിവരും പങ്കെടുത്തു.
ടീം അംഗങ്ങൾ-സച്ചിൻ ബേബി (ക്യാപ്റ്റൻ), മുഹമ്മദ് അസറുദ്ദീൻ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ, അക്ഷയ് ടി. കെ, വിനിൽ ടി. എസ്, ആകാശ് പിള്ള, ശ്രീരൂപ് എം. പി, അരുൺ കെ. എ, അഖിൽദേവ്, അജ്നാസ് കെ, ആഷിഖ് അലി, അമൽരാജ് ആർ, അജയഘോഷ് എൻ. എസ്, അജിത് രാജ്.
മറ്റു സപ്പോർട്ടീവ് സ്റ്റാഫ് അംഗങ്ങൾ: ശ്രീവത്സൻ പി. ബി (പെർഫോമൻസ് അനലിസ്റ്റ്), അസ്കർ പി. വി (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസ്സിയർ), നന്ദകുമാർ കെ. എ (ത്രോബോൾ സ്പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജർ), റ്റോബിൻ തോമസ് ( ടീം ഡയറക്ടർ),അഭിഷേക് കെ.ജി( മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജിക് ഹെഡ്). മറ്റു ടീം ഉടമകൾ- ടിഎസ് കലാധരൻ,കൃഷ്ണ കലാധരൻ, ദേവിക കലാധരൻ, റാഫേൽ തോമസ്,ഡോ. ബ്രിട്ടോ സതീഷ്, അർജുൻ ബോസ്.
