ന്യൂഡൽഹി: ചെങ്കോട്ടയിൽ തന്റെ 13-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വ്യത്യസ്തമായ തലപ്പാവണിഞ്ഞ്. ചുവപ്പ് നിറത്തിലുള്ള ടൈ ആൻഡ് ഡൈ തലപ്പാവാണ് ഇത്തവണ പ്രധാനമന്ത്രിയുടെ വേഷത്തിൽ ശ്രദ്ധേയമായത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും പരമ്പരാഗത വസ്ത്രധാരണ ശൈലിയോട് സാമ്യമുള്ളതാണ് തലപ്പാവ്. വെള്ള കുർത്തയ്ക്കൊപ്പം ബ്രൗൺ നിറത്തിലുള്ള വെസ്റ്റും മോദി ധരിച്ചിരുന്നു. ദേശീയപതാകയുടെ നിറങ്ങളെ ഓർമിപ്പിക്കുന്ന കാവി, വെള്ള, പച്ച നിറങ്ങളിലുള്ള പോക്കറ്റ് സ്ക്വയറും ശ്രദ്ധ നേടി.
രാജസ്ഥാനിലെ പ്രശസ്തമായ തയ്യൽ, ഡൈയിങ് തുണിത്തര കലയാണ് ബന്ദേജ്. വ്യത്യസ്ത നിറങ്ങളിൽ മുക്കുന്നതിന് മുമ്പ് തുണിയുടെ ചെറിയ ഭാഗങ്ങൾ നൂലുപയോഗിച്ച് കെട്ടിവയ്ക്കുന്നതാണ് ഇതിന്റെ പ്രത്യേകത. നൂലുകൾ അഴിച്ചുമാറ്റുമ്പോൾ തുണിയിൽ മനോഹരമായ പുള്ളികളും വ്യത്യസ്ത പാറ്റേണുകളും തെളിയും. ചുവപ്പ്, മഞ്ഞ, പച്ച, നീല, കാവി തുടങ്ങിയ നിറങ്ങളാണ് പരമ്പരാഗത ബന്ദേജ് ഡിസൈനുകളിൽ കൂടുതലായി ഉപയോഗിക്കുന്നത്.
വർഷങ്ങളായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ധരിക്കുന്ന വസ്ത്രധാരണം ചെങ്കോട്ടയിലെ പ്രസംഗത്തിനൊപ്പം തന്നെ ശ്രദ്ധ നേടാറുണ്ട്. ഓരോ വർഷവും വ്യത്യസ്തമായ തലപ്പാവുകളും പരമ്പരാഗത വസ്ത്രശൈലികളുമാണ് മോദി തിരഞ്ഞെടുക്കാറുള്ളത്. ഓരോ സ്വാതന്ത്ര്യദിനത്തിലും വസ്ത്രത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാരമ്പര്യങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനമന്ത്രിയുടെ വേഷങ്ങളിൽ ശ്രദ്ധേയമാകുന്നത്.
