കൊച്ചി, ഓഗസ്റ്റ് 11, 2026: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകള്‍ പങ്കുവച്ച് ക്ലബിന്റെ മുന്‍ ജനറല്‍ മാനേജര്‍ വിരേന്‍ ഡി’സില്‍വയുടെ ആദ്യ പുസ്തകം ‘ദ ഫസ്റ്റ് സീസണ്‍’ പുറത്തിറങ്ങി. 2014ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജനറല്‍ മാനേജറായിരുന്ന വിരേന്‍ ഡി’സില്‍വയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകരിച്ചതുമുതല്‍ ടീമിനെ ഒരുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതും പുതിയ ലീഗിന്റെ ആവേശവും അനിശ്ചിതത്വവും നേരിട്ടതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
താരങ്ങള്‍, പരിശീലകര്‍, ജീവനക്കാര്‍, ഉടമകള്‍, ആരാധകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ഫ്രാഞ്ചൈസി കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായി മാറിയതിന്റെ കഥയും പുസ്തകം പറയുന്നു. പിന്നീട് ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും ആവേശമുള്ള ആരാധക കൂട്ടായ്മകളിലൊന്നായി മാറിയ ‘യെല്ലോ ആര്‍മി’ എന്ന മഞ്ഞപ്പടയുടെ രൂപീകരണവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ഫുട്‌ബോളിനപ്പുറം ഒരു ആശയത്തെ യാഥാര്‍ഥ്യമാക്കുന്നതിന്റെയും ഒരു ടീമിനെ കൂട്ടായ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന്റെയും കഥ കൂടിയാണ് ‘ദ ഫസ്റ്റ് സീസണ്‍’ എന്ന് വിരേന്‍ ഡി’സില്‍വ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ സ്റ്റാര്‍ട്ടപ്പായിരുന്നുവെന്നും അതിന്റെ തുടക്കകാല അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ്, മീഡിയ റൈറ്റ്‌സ്, മാര്‍ക്കറ്റിങ്, ഫ്രാഞ്ചൈസി മാനേജ്‌മെന്റ് മേഖലകളില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടുള്ള വിരേന്‍ ഡി’സില്‍വ ഗുഡ് ഫ്‌ളിപ്പിന്‍ ബര്‍ഗേഴ്‌സ് എന്ന ബര്‍ഗര്‍ ബ്രാന്‍ഡിന്റെ സഹസ്ഥാപകനുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആമസോണ്‍ – https://www.amazon.in/dp/B0HCW9WWXV?utm_source=chatgpt.com, ഡിസി ബുക്‌സ് – https://dcbookstore.com/books/the-first-season?utm_source=chatgpt.com എന്നിവയിലൂടെ പുസ്തകം ലഭിക്കും.
