Home » Blog » kerala Max » ഓട്ടിസത്തിലെ ജീവിതചക്ര സമീപനം: ദേശീയ കോൺക്ലേവ് ആഗസ്റ്റ് 13, 14 തീയതികളിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെയും (CDC), UNICEF-ന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലെ ലൈഫ്-കോഴ്സ് സമീപനം (Life-Course Approach in Autism Spectrum Disorder – ASD)’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ദേശീയ കോൺക്ലേവ് 2026 ആഗസ്റ്റ് 13, 14 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ഡോ. എം.കെ.സി. നായർ ഓഡിറ്റോറിയത്തിൽ നടക്കും.
ആഗസ്റ്റ് 13-ന് രാവിലെ 10.00 മണിക്ക് കേരള സർക്കാരിന്റെ ബഹുമാനപ്പെട്ട ആരോഗ്യ-ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം നിയോജകമണ്ഡലം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. വി. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. CDC ഡയറക്ടർ (i/c) ഡോ. ദീപ ഭാസ്കരൻ സ്വാഗതം ആശംസിക്കും. UNICEF ഇന്ത്യയിലെ ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. അന്നപൂർണ കൗൾ പ്രത്യേക പ്രഭാഷണം നടത്തും. ഡോ. കെ.വി. വിശ്വനാഥൻ (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ), ഡോ. വി. മീനാക്ഷി (ആരോഗ്യ സേവന ഡയറക്ടർ), ഡോ. രെഞ്ജു രവീന്ദ്രൻ (പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. എം.കെ.സി. നായർ (മുൻ വൈസ് ചാൻസലർ, KUHS & സ്ഥാപക ഡയറക്ടർ, CDC), ഡോ. റിയാസ് ഐ. (സൂപ്രണ്ട്, SAT ആശുപത്രി), ഡോ. ഷാനവാസ് എ. (HOD, പീഡിയാട്രിക്സ്, SAT ആശുപത്രി) എന്നിവർ ആശംസകൾ അർപ്പിക്കും. CDC രജിസ്ട്രാർ ശ്രീ. വിനീദ് കുമാർ വിജയൻ നന്ദി രേഖപ്പെടുത്തും.
കേരള സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, IAS കോൺക്ലേവിൽ ‘ASD-യിലെ നയരൂപീകരണവും സാമൂഹിക സുരക്ഷയും’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകും.
ഓട്ടിസം ബാധിതരായ വ്യക്തികൾക്ക് ശൈശവം, കൗമാരം, യൗവനം, പ്രായാധിക്യം തുടങ്ങി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തുടർച്ചയായും വ്യക്തികേന്ദ്രീകൃതമായും പിന്തുണ ഉറപ്പാക്കുന്നതിനായി സംയോജിതവും വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ളതുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ക്ലിനീഷ്യന്മാർ, ഗവേഷകർ, ഉദ്യോഗസ്ഥർ, അധ്യാപകർ, തെറാപ്പിസ്റ്റുകൾ, നയരൂപീകരണ വിദഗ്ധർ, UNICEF പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ശാസ്ത്രീയ സെഷനുകൾക്കും ഉന്നതതല പാനൽ ചർച്ചകൾക്കും കോൺക്ലേവ് വേദിയാകും.