Home » Blog » kerala Max » റേഷൻ അരി വില വർധിപ്പിച്ചെന്ന വാർത്ത വ്യാജം; വിശദീകരണവുമായി ഭക്ഷ്യവകുപ്പ്
RATIONCARD-680x450

ഓണക്കാലത്ത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് റേഷൻ അരിയുടെ വില കിലോയ്ക്ക് 10.90 രൂപയിൽ നിന്ന് 26 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അവാസ്തവമാണെന്നും, നിലവിലെ സാധാരണ റേഷൻ അരിയുടെ വിഹിതമോ വിലയോ കൂട്ടിയിട്ടില്ലെന്നും വ്യക്തമാക്കി ഭക്ഷ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്കിടയിലുള്ള ഈ ആശങ്കയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് വിശദീകരിക്കുന്നതാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.

കേന്ദ്രസർക്കാരിന്റെ ടൈഡ് ഓവർ വിഹിതത്തിൽ 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നു. മുമ്പ് 33,294 മെട്രിക് ടൺ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ് ലഭിക്കുന്നത്. മുൻകാലങ്ങളിൽ ഈ ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് ഉത്സവകാലങ്ങളിൽ സ്പെഷൽ അരി നൽകിയിരുന്നത്. എന്നാൽ 2025 ഡിസംബറിൽ അരി വിഹിതത്തിൽ കുറവ് വരുത്തി പകരം ഗോതമ്പ് വാങ്ങിയതിനാലാണ് സ്പെഷൽ അരി നൽകുന്നതിൽ പരിമിതികൾ നേരിട്ടത്. ഈ കുറവ് പരിഹരിക്കാനാണ് സാധാരണ റേഷൻ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാർഡുകാർക്ക് ഉയർന്ന വില നൽകി ഒ.എം.എസ്.എസ് (OMSS) അരി വാങ്ങി ലഭ്യമാക്കുന്നത്.

ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പുമാണ് പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മഞ്ഞ കാർഡിന് 30 കിലോ അരിയും അഞ്ചു കിലോ വരെ ഗോതമ്പും (ഗോതമ്പിനു പകരം മൂന്നു കിലോ വരെ ആട്ട കിലോക്ക് ഏഴു രൂപ നിരക്കിൽ) സൗജന്യ ഓണക്കിറ്റും ലഭിക്കും. പിങ്ക് കാർഡിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും (അല്ലെങ്കിൽ നാലു കിലോ വരെ ആട്ട കിലോക്ക് ഒമ്പതു രൂപ നിരക്കിൽ) ലഭിക്കും. നീല കാർഡിന് ആളൊന്നിന് നാലു രൂപ നിരക്കിൽ രണ്ടു കിലോ അരിയും 17 രൂപ നിരക്കിൽ നാലു കിലോ വരെ ആട്ടയും, സ്പെഷൽ വിഹിതമായി ഒരു കുടുംബത്തിന് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപക്കും ലഭിക്കും. ഒപ്പം ഒരു കുടുംബത്തിന് 10 കിലോ ഒ.എം.എസ്.എസ് അരി 26 രൂപ നിരക്കിലും നൽകുന്നുണ്ട്.

വെള്ള കാർഡിന് ഏഴു കിലോ അരി 10.90 രൂപക്കും നാലു കിലോ വരെ ആട്ട 17 രൂപക്കും സ്പെഷൽ വിഹിതമായി രണ്ടു കിലോ ഗോതമ്പ് 8.70 രൂപക്കും ഒപ്പം 10 കിലോ ഒ.എം.എസ്.എസ് അരി 26 രൂപ നിരക്കിലും ലഭിക്കും. ക്ഷേമ വിഭാഗം തവിട്ട് കാർഡിന് രണ്ടു കിലോ വീതം അരി 10.90 രൂപക്കും രണ്ടു കിലോ ഗോതമ്പ് 8.70 രൂപക്കും ഒരു കിലോ ആട്ട 17 രൂപക്കും നൽകുന്നതോടൊപ്പം, കാർഡിന് 26 രൂപ നിരക്കിൽ 10 കിലോ ഒ.എം.എസ്.എസ് അരിയും ലഭ്യമാക്കും. ഉയർന്ന വിലയുള്ള ഒ.എം.എസ്.എസ് അരി പ്രത്യേക ഓണം വിഹിതമായി നൽകുന്നതാണ് പലരിലും തെറ്റിധാരണയ്ക്ക് കാരണമായത്.