തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങിയ ഇടപാടിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി അന്യായലാഭം ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. ഈ തീരുമാനത്തെ തുടർന്ന് ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി എസ്ഐടി രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചതെന്നും, അതിന് ശാസ്ത്രീയമോ ഭരണപരമോ ആയ അടിസ്ഥാനമൊന്നും ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ യഥാക്രമം ഒന്ന് മുതൽ മൂന്ന് പ്രതികളാക്കി എസ്ഐടി കേസെടുത്തിട്ടുണ്ട്.
2024-ലെ മണ്ഡല-മകരവിളക്ക് സീസണിന് മുന്നോടിയായി അടുത്ത സീസണിലേക്കുള്ള നെയ്യ് വാങ്ങുന്നതിനായി വിളിച്ച ടെൻഡറിൽ, തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് 369 രൂപ നിരക്കിൽ നെയ്യ് നൽകാൻ തയ്യാറായിരുന്നു. ഗുണനിലവാര പരിശോധനയിൽ വിജയിച്ചിട്ടും യാതൊരു വ്യക്തമായ കാരണവും രേഖപ്പെടുത്താതെ ടെൻഡർ റദ്ദാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെ ടെൻഡർ നടപടിയിൽ പങ്കെടുക്കാതിരുന്ന മിൽമയിൽ നിന്ന് ലിറ്ററിന് 510 രൂപ നിരക്കിൽ നേരിട്ട് നെയ്യ് വാങ്ങാൻ മുൻ ഭരണസമിതി തീരുമാനിച്ചതായും, ഇതുവഴി ദേവസ്വം ബോർഡിന് കോടികളുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.
ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണക്കവർച്ച കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന പി.എസ്. പ്രശാന്തിനും എ. അജികുമാറിനും ഈ പുതിയ കേസ് കൂടുതൽ നിയമപ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
