സീനിയർ താരം രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം. 2027 ഏകദിന ലോകകപ്പിനുള്ള ടീമിന്റെ ഭാവി പദ്ധതികളിൽ രോഹിത് ഉണ്ടാകില്ലെന്ന് സെലക്ടർമാരും ടീം മാനേജ്മെന്റും തീരുമാനമെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ, നിർണായക മത്സരത്തിന് രണ്ടു ദിവസം മുൻപ് രോഹിത് ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പരസ്യ പ്രസ്താവന നടത്തിയത് സെലക്ടർമാരെ ചൊടിപ്പിച്ചു. സെലക്ഷൻ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ ബോർഡ് ഇത്തരമൊരു നിലപാടെടുത്തതിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി കടുത്ത നിരാശയിലാണ്.
ഇതിനിടയിലാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടി രോഹിത് ശർമ്മ വിമർശകർക്ക് ശക്തമായ മറുപടി നൽകിയത്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ താൻ പൂർണ്ണമായും യോഗ്യനാണെന്ന് തന്റെ പ്രകടനത്തിലൂടെ താരം വീണ്ടും തെളിയിക്കുകയായിരുന്നു.
ഈ തർക്കങ്ങൾക്കിടയിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ സ്ഥാനം തെറിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ലോകകപ്പ് വരെ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും, വി.വി.എസ്. ലക്ഷ്മണെ പുതിയ ചെയർമാനാക്കാനാണ് ബിസിസിഐ ഇപ്പോൾ ആലോചിക്കുന്നത്.
