Home » Blog » Kerala » ‘രാമായണ’ത്തിലെ വസ്ത്രധാരണ വിവാദം :തുറന്നടിച്ച് നടി സുരഭി ദാസ്.
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-49-680x450

നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ വസ്ത്രധാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഗംഭീര ദൃശ്യങ്ങളും വിഎഫ്എക്സും പ്രശംസിക്കപ്പെടുമ്പോൾ, സീതയായി എത്തുന്ന സായ് പല്ലവിയുടെയും കൈകേയിയായി വേഷമിടുന്ന ലാറ ദത്തയുടെയും ലുക്കുകൾക്കെതിരെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരുന്നു. കഥാപാത്രങ്ങളുടെ കടും നിറമുള്ള സാരികളും ബ്ലൗസുകളുമാണ് പ്രധാനമായും വിമർശനത്തിന് കാരണമായത്.

 

ഈ വിവാദങ്ങൾക്ക് മറുപടിയുമായി ചിത്രത്തിൽ ശ്രുതകീർത്തിയുടെ വേഷം അവതരിപ്പിക്കുന്ന നടി സുരഭി ദാസ് രംഗത്തെത്തി. ‘സൂമിന്’ നൽകിയ അഭിമുഖത്തിലാണ് താരം നിർമ്മാതാക്കളെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും പിന്തുണച്ചത്. ആളുകൾക്ക് എപ്പോഴും എന്തെങ്കിലും ഒക്കെ വിമർശിക്കാൻ ഉണ്ടാകുമെന്നും, ബ്ലൗസ് ധരിച്ചില്ലെങ്കിലും ധരിച്ചാലും ആളുകൾ കുറ്റപ്പെടുത്തുമെന്നും സുരഭി ദാസ് പറഞ്ഞു. രാമായണം പോലെയുള്ള വലിയൊരു പ്രോജക്റ്റിൽ എല്ലാവരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്യുക അസാധ്യമാണെന്നും, തിയേറ്ററുകളിൽ സിനിമ കാണുന്നതുവരെ വിധിയെഴുതരുതെന്നും അവർ അഭ്യർത്ഥിച്ചു.

 

ചിത്രത്തിന്റെ വസ്ത്രാലങ്കാരക്കാരായ റിംപിളും ഹർപ്രീത് നരുലയും ഇതിനോടകം വിമർശനങ്ങളോട് പ്രതികരിച്ചിരുന്നു. തലമുറകളുടെ ഓർമ്മകളിൽ ആഴത്തിൽ പതിഞ്ഞ ഒരു ഇതിഹാസമായതുകൊണ്ട് തന്നെ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നായിരുന്നു അവരുടെ പ്രതികരണം. രൺബീർ കപൂർ ശ്രീരാമനായും, യാഷ് രാവണനായും വേഷമിടുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ, രവി ദുബെ, രാകുൽ പ്രീത് സിംഗ്, ഇന്ദിര കൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2026 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.