Home » Blog » Kerala » ​’തുടക്കം’ സംവിധായകന് വിലയേറിയ സമ്മാനം; ജൂഡ് ആന്റണിക്ക് ആഡംബര വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ.
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-66-680x450

മോഹൻലാൽ-വിസ്മയ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ആഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു കാമിയോ വേഷത്തിലും എത്തുന്നുണ്ട്. ഇതിനിടയിലാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ തനിക്ക് നൽകിയ വിലമതിക്കാനാവാത്ത സ്നേഹസമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവെക്കാനുള്ള സമ്മാനമാണിതെന്നും, സുചിത്രയും മകളും തനിക്ക് ചേച്ചിയും അനിയത്തിയുമാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

 

‘ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. രണ്ടാമത്തെ ചിത്രമായ ‘തുടക്കം’ കണ്ടതിനുശേഷം സുചി ചേച്ചി നൽകിയ മനോഹരമായ ഒരു സമ്മാനമാണിത്; ജീവിതകാലം മുഴുവൻ ഞാൻ സൂക്ഷിച്ചുവെക്കുന്ന ഒരു സ്നേഹസമ്മാനം. പ്രിയ ചേച്ചി, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒപ്പം ഈ അവിസ്മരണീയമായ ഓർമ്മയ്ക്കും നന്ദി,’ എന്നാണ് ജൂഡ് ആന്തണി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. പ്രശസ്തമായ ബോം ആൻഡ് മെർസിയർ റിവേര ബ്രാൻഡിലുള്ള, ഏകദേശം മൂന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലക്ഷ്വറി വാച്ചാണ് സുചിത്ര ജൂഡിന് സമ്മാനമായി നൽകിയിരിക്കുന്നത്.

 

അന്താരാഷ്ട്ര ചലച്ചിത്ര ലോകത്ത് വലിയ വിജയമായ ‘2018’ ന് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ‘തുടക്കം’ സമ്മാനിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ 37-ാമത്തെ സംരംഭമാണിത്. പൂർണ്ണമായും ആക്ഷൻ മൂഡിലാണ് സിനിമയൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ വിസ്മയ മോഹൻലാൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.