കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യം നൽകിയത്. കഴിഞ്ഞദിവസം കേസിൽ ഉൾപ്പെട്ട ഒൻപത് പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റം ഗൗരവമേറിയതാണെങ്കിലും വധശ്രമക്കുറ്റം നിലനിൽക്കാനുള്ള തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് ഇഡിയുടെ എതിർപ്പ് തള്ളി കോടതി ഉത്തരവിട്ടത്.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് 67 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിക്കുന്നത്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെങ്കിലും അന്വേഷണം അവസാനഘട്ടത്തിലായതിനാലും കസ്റ്റഡി ആവശ്യമില്ലാത്തതിനാലുമാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
